മദ്യലഹരിയിലെത്തിയ മകൻ വീടിനും ബൈക്കിനും തീയിട്ടു
1489289
Sunday, December 22, 2024 8:11 AM IST
മുക്കം: മുക്കം നഗരസഭയിലെ വട്ടോളി പറമ്പിൽ മദ്യലഹരിയിലെത്തിയ മകൻ വീടിനും മുറ്റത്ത് നിർത്തിയിട്ടിരുന്ന ബൈക്കിനും തീയിട്ടു. വട്ടോളിപ്പറമ്പ് കല്ലുവെട്ടുകുഴിയിൽ ശ്രീദേവിയുടെ വീട്ടിൽ വെള്ളി രാത്രി പത്തരയോടെയാണ് സംഭവം. ഇവരുടെ മരുമകൻ സതീഷ് ചന്ദ്രന്റെ കെ എൽ 12 ജി 1228 ബജാജ് ഡിസ്കവർ ബൈക്ക് പൂർണമായും കത്തിനശിച്ചു.
ബൈക്കിൽനിന്ന് തീ വീട്ടിലേക്ക് ആളിപടർന്നു. വീടിന്റെ വയറിംഗ് ഉൾപ്പെടെയുള്ള സാധന സാമഗ്രികൾ കത്തിനശിച്ചു. തീ കത്തിയപ്പോൾ ശ്രീദേവിയുടെ മകൾ ശ്രീദിവ്യയും മരുമകനും സഹോദരിയും മൂന്ന് കുട്ടികളും വീട്ടിനകത്തുണ്ടായിരുന്നു. വാതിൽ പുറത്തുനിന്ന് ആരോ താഴിട്ടതിനാൽ തള്ളി തുറന്ന് രക്ഷപ്പെട്ടുകയായിരുന്നു.
പരിക്കേറ്റ ഇവർ മണാശേരിയിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടി.മുക്കം അഗ്നി രക്ഷാ നിലയത്തിൽനിന്നും ഒരു യൂണിറ്റ് അഗ്നിശമന സേനയെത്തിയാണ് തീ അണച്ചത്. വീടിനും ബൈക്കിനും തീയിട്ടത് മകൻ ശ്രീവേഷാണെന്ന് അമ്മശ്രീദേവി മുക്കം പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു.
വർഷങ്ങളായി മകൻ വീടിനടുത്ത ഷെഡിലാണ് താമസമെന്നും ഇവർ പറഞ്ഞു. മദ്യപിച്ച് വീട്ടിലെത്തുന്ന മകന്റെ ഉപദ്രവത്തെ തുടർന്ന് നേരത്തെ പോലീസിൽ പരാതി നൽകിയിരുന്നെങ്കിലും നടപടിയൊന്നും ഉണ്ടായില്ലെന്നും ഇവർ പറയുന്നു. വെള്ളിയാഴ്ചയും ആക്രമ സ്വഭാവം കാണിച്ചപ്പോൾ വൈകുന്നേരം പോലീസിനെ അറിയിച്ചിരുന്നു. രാത്രി പത്തരയോടെ ബൈക്ക് കത്തിയ ശേഷമാണ് പോലീസ് സ്ഥലത്തെത്തിയതെന്നും ഇവർക്ക് പരാതിയുണ്ട്.
കോഴിക്കോട് നിന്നെത്തിയ വിരലടയാള വിധഗ്ദർ സ്ഥലത്ത് പരിശോധന നടത്തി. ബൈക്കിന് തീയിടാൻ ഉപയോഗിച്ചതെന്ന് കരുതുന്ന പെട്രോൾ നിറച്ച കുപ്പിയും മറ്റ് സാമഗ്രികളും പോലീസ് കണ്ടെടുത്തു.