നിയമസഭയില്‍ ചര്‍ച്ച ചെയ്യാതെ വാര്‍ഡ് വിഭജിച്ചുവെന്ന് മുസ്ലിംലീഗ്
1488827
Saturday, December 21, 2024 5:18 AM IST
കോഴിക്കോട്: മാനദണ്ഡങ്ങള്‍ പാലിക്കാതെ വാര്‍ഡ് വിഭജനത്തിന് ഇറങ്ങിപ്പുറപ്പെട്ട സര്‍ക്കാരിനേറ്റ കനത്ത പ്രഹരമാണ് ഹൈക്കോടതി വിധിയെന്ന് മുസ്ലിംലീഗ് പാര്‍ലമെന്ററി പാര്‍ട്ടി ഉപനേതാവും എംഎൽഎയുമായ ഡോ.എം.കെ.മുനീര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. നിയമസഭയില്‍ ചര്‍ച്ച ചെയ്യാതെയാണ് വാര്‍ഡ് വിഭജനത്തിന് വേണ്ടി സര്‍ക്കാര്‍ നിയമഭേദഗതി നടത്തിയത്.
ഇത് മൂലമാണ് കോടതിയെ സമീപിക്കേണ്ടി വന്നതെന്നും നിയമ പോരാട്ടം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.വാര്‍ഡുകളുടെ എണ്ണത്തില്‍ മാറ്റമില്ലാത്ത 63 തദ്ദേശസ്ഥാപനങ്ങളില്‍ വാര്‍ഡിന്റെ അതിരുകള്‍ പുനര്‍നിര്‍ണയിക്കുന്നത് എന്തിന് വേണ്ടിയാണെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം.
വലിയ പഞ്ചായത്തുകളെ വിഭജിച്ച് പുതിയ പഞ്ചായത്തുകള്‍ രൂപീകരിക്കണമെന്നാണ് ജനകീയ ആവശ്യം. അധികാര വികേന്ദ്രീകരണത്തെ ശക്തിപ്പെടുത്തുന്നതിനും തദ്ദേശസ്ഥാപനങ്ങളിലെ വാര്‍ഡുകളിലെ ജനസംഖ്യ തമ്മിലുള്ള വ്യത്യാസം പരിഹരിക്കുന്നതിനും ഇത് അനിവാര്യമാണ്. എന്നാല്‍ ഈ ആവശ്യം പൂര്‍ണമായും തിരസ്കരിക്കുന്ന സമീപനമാണ് ഇടതുപക്ഷം സ്വീകരിക്കുന്നത്.
ഇതിനെതിരേയും കോടതിയെ സമീപിച്ചിട്ടുണ്ട്. ജനാധിപത്യത്തെ അട്ടിമറിക്കാന്‍ നടത്തുന്ന ഈ നീക്കം ഗൗരവമുള്ളതാണ്. അന്തിമ വിജ്ഞാപനത്തിലും മാറ്റമില്ലെങ്കില്‍ ഇക്കാര്യത്തിലും കോടതിയെ സമീപിക്കേണ്ടി വരുമെന്ന് അദ്ദേഹം വ്യക്തമാക്കി. മുസ്ലിം ലീഗ് കോഴിക്കോട് ജില്ലാ ജനറല്‍ സെക്രട്ടറി ടി.ടി. ഇസ്മായില്‍, എല്‍ജിഎംഎല്‍ ജനറല്‍ സെക്രട്ടറി പി.കെ. ഷറഫുദ്ദീന് എന്നിവരും വാർത്താസമ്മേളനത്തിൽ സംബന്ധിച്ചു.