താമരശേരി മേരി മാതാകത്തീഡ്രൽ രജത ജൂബിലി നിറവിൽ
1489284
Sunday, December 22, 2024 8:10 AM IST
താമരശേരി: താമരശേരി മേരി മാതാ കത്തീഡ്രൽ കൂദാശ കർമ്മം ചെയ്തതിന്റെ രജത ജൂബിലി ആലോഷങ്ങൾക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി വികാരി ഫാ. മാത്യൂ പുളി മൂട്ടിൽ അറിയിച്ചു. രജത ജൂബിലി ആഘോഷവും ഇടവകയുടെ സ്വർഗീയ മധ്യസ്ഥയായ പരിശുദ്ധ കന്യകാമറിയത്തിന്റെ മാതൃത്വ തിരുനാൾ ആഘോഷവും സംയുക്തമായി 27,28,29തീയതികളിൽ നടക്കും.
1999 ഡിസംബർ 31 ന് സീറോ മലബാർ സഭ മേജർ ആർച്ച്ബിഷപ്പായിരുന്ന മാർ വർക്കി വിതയത്തിലാണ് കത്തീഡ്രലിന്റെ കൂദാശാകർമ്മം നിർവ്വഹിച്ചത്. ബിഷപ് മാർ പോൾ ചിറ്റിലപ്പിള്ളിയായിരുന്നു അന്ന് രൂപത അധ്യക്ഷൻ. ജൂബിലി ആഘോഷങ്ങളോടനുബന്ധിച്ചുള്ള കൃതജ്ഞതാബലി 29 ന് രാവിലെ 10.30 ന് സീറോ മലബാർ സഭയുടെ മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിലിന്റെ മുഖ്യകാർമ്മികത്വത്തിൽ നടക്കും. താമരശേരി ബിഷപ് മാർ റെമീജിയോസ് ഇഞ്ചനാനിയിൽ, രൂപതയിലെ വിവിധ വൈദികർ എന്നിവർ സഹകാർമ്മികരാകും.