കൊട്ടാരക്കര- ബത്തേരി സർവീസ് കെഎസ്ആർടിസി പുനരാരംഭിച്ചു
1489344
Monday, December 23, 2024 2:55 AM IST
മുക്കം: പുതിയ പരിഷ്കാര മൂലം റദ്ദാക്കിയിരുന്ന കൊട്ടാരക്കര- ബത്തേരി സർവീസ് കെഎസ്ആർടിസി പുനരാരംഭിച്ചു. കൊട്ടാരക്കരയിൽനിന്ന് പെരിന്തൽമണ്ണ- താമരശേരി റൂട്ടിൽ ഓടുന്ന ബത്തേരി സൂപ്പർ ഡിലക്സ് സർവീസായിരുന്നു മറ്റു മേഖലയിൽ ഓടാൻ വേണ്ടി ഒരു മാസം മുൻപ് കെഎസ്ആർടിസി റദ്ദാക്കിയിരുന്നത്. ഇത് സംബന്ധിച്ച് 12ന് വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. ഇതിനെ തുടർന്നാണ് ബസ് സർവീസ് പുനരാരംഭിക്കാൻ കെഎസ്ആർടിസി തീരുമാനിച്ചത്.
ബസ് റദ്ദാക്കിയത് ക്രിസ്മസ്, പുതുവത്സര അവധി അടുത്തിരിക്കെ യാത്രക്കാരെ ദുരിതത്തിലാക്കിയിരുന്നു. ഒരു കിലോമീറ്ററിന് 35 രൂപയെങ്കിലും വരുമാനമില്ലാത്ത സർവീസുകൾ നിർത്തലാക്കാനുള്ള കെഎസ്ആർടിസിയുടെ പുതിയ തീരുമാനത്തിനെതിരേ വലിയ പ്രതിഷേധമാണ് ഉയരുന്നത്. നിരവധി യാത്രക്കാർ ആശ്രയിക്കുന്ന ജില്ലയിലെ വിവിധ സർവീസുകളെയാണ് ഇത് ബാധിച്ചത്.
യാത്രക്കാരുടെ കൂട്ടായ്മകൾ ഇടപെട്ടതിനെ തുടർന്നാണ് കോവിഡിനെ തുടർന്ന് നിർത്തിവച്ചിരുന്ന താമരശേരി- പെരിന്തൽമണ്ണ റൂട്ടിൽ കെഎസ്ആർടിസി ബസുകൾ സർവീസ് പുനഃരാരംഭിച്ചിരുന്നത്. വടകര ഡിപ്പോയിൽനിന്ന് ഒരു മാസം മുൻപ് ആരംഭിച്ച വടകര- കൊയിലാണ്ടി- ബാലുശേരി- താമരശേരി- മുക്കം- അരീക്കോട്- മഞ്ചേരി- റൂട്ട് വഴി പാലക്കാടേക്കുള്ള 02.50 ന്റെ വടകര -പാലക്കാട് സർവീസ്, പെരിന്തൽമണ്ണ വഴിയുള്ള മറ്റൊരു സർവീസ്, 04.50ന്റെ മേലാറ്റൂർ വഴിയുള്ള വടകര- പാലക്കാട് സർവീസ് എന്നിവ പരിഷ്കാരത്തിന്റെ ഭാഗമായി നിർത്തിവെച്ചു.
കെഎസ്ആർടിസി ഇല്ലാത്ത റൂട്ടിലൂടെ ആരംഭിച്ച വടകര ഡിപ്പോയുടെ പുതിയ സർവീസുകൾക്ക് പരിഷ്കാരം വലിയ തിരിച്ചടിയാണ് നൽകിയത്. ഉള്ളിയേരി- ബാലുശേരി- താമരശേരി റൂട്ടിലുള്ളവർക്ക് മുക്കം, അരീക്കോട്, മഞ്ചേരി എന്നിവിടങ്ങളിൽ എത്തിച്ചേരാനും തിരിച്ചുമുള്ള സർവീസുകളാണ് ഇതുമൂലം യാത്രക്കാർക്ക് നഷ്ടമായത്. അതേപോലെ താമരശേരി- പെരിന്തൽമണ്ണ റൂട്ടിൽ മണ്ണാർക്കാട് ഡിപ്പോ പുതുതായി ആരംഭിച്ച 06.20 മണ്ണാർക്കാട്– മാനന്തവാടി സർവീസ്, താമരശേരി ഡിപ്പോയുടെ 07.35 നുള്ള താമരശേരി– എറണാകുളം സർവീസ്, ബത്തേരി ഡിപ്പോയുടെ 05.55 ന്റെ സുൽത്താൻ ബത്തേരി- തൃശൂർ സർവീസ് എന്നിവയൊന്നും ഒരു മാസമായി ഓടുന്നില്ല.