സംസ്ഥാന ക്രോസ് കൺട്രി ചാമ്പ്യൻഷിപ്പിന്റെ ലോഗോ പ്രകാശനം ചെയ്തു
1489346
Monday, December 23, 2024 2:55 AM IST
കൂരാച്ചുണ്ട്: കല്ലാനോട് സെന്റ് മേരീസ് സ്പോർട്സ് അക്കാദമിയുടെ ആതിഥേയത്വത്തിൽ ജനുവരി നാലിന് കല്ലാനോട് നടക്കുന്ന 29-ാമത് സംസ്ഥാന ക്രോസ് കൺട്രി ചാമ്പ്യൻഷിപ്പിന്റെ ലോഗോ പ്രകാശന കർമം മന്ത്രി ജെ. ചിഞ്ചുറാണി കല്ലാനോട് സെന്റ് മേരീസ് സ്പോർട്സ് അക്കാദമി രക്ഷാധികാരി ഫാ. ജിനോ ചുണ്ടയിലിന് നൽകി നിർവഹിച്ചു. കെ.എം. സച്ചിൻദേവ് എംഎൽഎ അധ്യക്ഷത വഹിച്ചു.
ബാലുശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.കെ. അനിത, കൂരാച്ചുണ്ട് പഞ്ചായത്ത് പ്രസിഡന്റ് പോളി കാരക്കട, മെമ്പർമാരായ അരുൺ ജോസ്, സിമിലി ബിജു, സെന്റ് മേരീസ് അക്കാദമി ചെയർമാൻ സജി ജോസഫ്, കൺവീനർ ജോർജ് തോമസ്, എക്സിക്യൂട്ടീവ് മെമ്പർ ഫിലോമിന ജോർജ്, ജില്ലാ അത്ലറ്റിക് അസോസിയേഷൻ വൈസ് പ്രസിഡന്റ് നോബിൾ കുര്യാക്കോസ്, സെക്രട്ടറി കെ.എം. ജോസഫ്, ജിൽറ്റി മാത്യു എന്നിവർ പ്രസംഗിച്ചു.
കോഴിക്കോട് ജില്ലാ അത്ലറ്റിക് അസോസിയേഷന്റെ സഹകരണത്തോടെ നടത്തുന്ന ചാമ്പ്യൻഷിപ്പിൽ14 ജില്ലകളിൽനിന്ന് അണ്ടർ 16, അണ്ടർ18, അണ്ടർ 20, മെൻ ആൻഡ് വുമൺ വിഭാഗങ്ങളിലായി 672 കായികതാരങ്ങൾ പങ്കെടുക്കും. ഇന്ത്യയ്ക്ക് അകത്തും പുറത്തുമായി 500ലേറെ ഇവന്റുകൾക്ക് ലോഗോ തയാറാക്കിയിട്ടുള്ള കക്കയം സ്വദേശി സാൻജോ സണ്ണിയാണ് ചാമ്പ്യൻഷിപ്പ് ലോഗോ രൂപകൽപ്പന ചെയ്തത്.