വിജയരാഘവന് നടത്തിയത് ക്രൂരമായ പരാമര്‍ശം: പി.കെ. കുഞ്ഞാലിക്കുട്ടി
1489345
Monday, December 23, 2024 2:55 AM IST
കോഴിക്കോട്: രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവര്‍ക്കെതിരെ സിപിഎം നേതാവ് വിജയരാഘവന് നടത്തിയത് ക്രൂരമായ പരാമര്‍ശമാണെന്ന് മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഭൂരിപക്ഷ വര്‍ഗീയത പരത്തുന്നത് സിപിഎമ്മിന്റെ അടിത്തറ ഇളക്കും. സിപിഎം വര്‍ഗീയതയെ താലോലിക്കുന്നത് ശരിയല്ല. ബിജെപി ഉത്തരേന്ത്യയില്‍ ചെയ്യുന്നതാണ് സിപിഎം കേരളത്തില്‍ ചെയ്യുന്നത്.
ഡല്‍ഹിയില്‍ കോണ്‍ഗ്രസിനു സിന്ദാബാദ് വിളിക്കുന്ന സിപിഎം ഇവിടെ വന്ന് കുറ്റം പറയുകയാണ്.
സിപിഎമ്മിന് വോട്ട് ചോരുകയാണെന്ന ആധിയുണ്ട്. അതിനാലാണ് പച്ചയ്ക്ക് വര്‍ഗീയത പറയുന്നത്. ഇത് കേരളമാണ് എന്ന് ഓര്‍ക്കണം. വര്‍ഗീയത പറഞ്ഞാല്‍ നെഗറ്റീവ് ഇഫക്ടാണ് ഉണ്ടാവുക. കേരളത്തില്‍ യുഡിഎഫ് അധികാരത്തില്‍ വരുമെന്ന ട്രെന്‍ഡ് ഉണ്ടായതു കൊണ്ടാണ് സമുദായ സംഘടനകള്‍ കൂടുതല്‍ അടുക്കുന്നത്. എം.ആര്.അജിത് കുമാറിന് ഡിജിപിയായി സ്ഥാനക്കയറ്റം നല്‍കാനുള്ള തീരുമാനം തെറ്റാണ്.
വയനാട് ദുരന്തബാധിതരുടെ കരട് പട്ടിക തയാറാക്കിയതില്‍ ഒരുപാട് പ്രശ്നങ്ങള്‍ ഉണ്ട്. യുദ്ധകാലാടിസ്ഥാനത്തില്‍ നടത്തേണ്ട പുനരധിവാസം വളരെ വൈകിയിരിക്കുന്നു. ഇതിലെ അസ്വസ്ഥത സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ടെന്നും പി.കെ.കുഞ്ഞാലിക്കുട്ടി പറഞ്ഞു.