പാൽ സംഭരണത്തിൽ കേരളം സ്വയം പര്യാപ്തത കൈവരിക്കുകയാണ് ലക്ഷ്യം: മന്ത്രി ചിഞ്ചു റാണി
1489287
Sunday, December 22, 2024 8:10 AM IST
കൂരാച്ചുണ്ട്: പാൽ സംഭരണത്തിൽ കേരളം സ്വയം പര്യാപ്തത കൈവരിക്കുകയെന്ന വലിയ ലക്ഷ്യമാണ് സർക്കാരിനുള്ളതെന്ന് മന്ത്രി ജെ. ചിഞ്ചു റാണി പറഞ്ഞു. ക്ഷീര വികസന വകുപ്പ് ബാലുശേരി ബ്ലോക്ക് തല ക്ഷീര സംഗമവും കല്ലാനോട് ക്ഷീര സംഘത്തിന്റെ ഹൈജീനിക്ക് മിൽക്ക് കളക്ഷൻ റൂം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.
ഇതുവഴി കേരളത്തിന് പുറത്തുനിന്നും പാൽ കൊണ്ടുവരുന്നത് നിർത്തലാക്കാൻ കഴിയും. ക്ഷീര മേഖലയിലെ വികസനം മുന്നിൽ കണ്ടുകൊണ്ട് പശുക്കൾക്കുള്ള സമഗ്ര ഇൻഷ്വറൻസ് പദ്ധതി നടപ്പിലാക്കുന്നതിനായി കേന്ദ്രമന്ത്രിയെ കാണുകയും അതിന് അനുകൂല നിലപാട് അറിയിക്കുകയും ചെയ്തിട്ടുണ്ട്.
ഈ പദ്ധതി കേരളത്തിൽ വന്നാൽ മൂന്നുവർഷംകൊണ്ട് കേരളത്തിലെ മുഴുവൻ പശുക്കൾക്കും ഇൻഷ്വർ ചെയ്യുവാൻ കഴിയും. പശുക്കൾക്ക് ആവശ്യമായ ചികിത്സകൾ ക്ഷീരകർഷകർക്ക് വീട്ടുമുറ്റത്ത് ലഭ്യമാക്കുന്നതിനായി ബ്ലോക്ക് പഞ്ചായത്തുകൾക്ക് വെറ്ററിനറി ആംബുലൻസ് നൽകുമെന്നും മന്ത്രി പറഞ്ഞു. ഈ ആംബുലൻസിൽ വെറ്ററിനറി ഡോക്ടർമാർ അടക്കമുള്ള സംവിധാനങ്ങൾ ക്രമീകരിച്ചു കഴിഞ്ഞതായും മന്ത്രി അറിയിച്ചു. ഇതിനായി തിരുവനന്തപുരത്ത് 1962 എന്ന നമ്പറിൽ കോൾ സെന്റർ ആരംഭിച്ചിട്ടുണ്ട്.
ചികിത്സ ആവശ്യമായ ഘട്ടങ്ങളിൽ ഇവിടെ വിളിച്ചു വിവരം അറിയിച്ചാൽ ചികിത്സ ലഭിക്കാനുള്ള സംവിധാനം ഒരുക്കി വരികയാണ്. അയൽ സംസ്ഥാനങ്ങളിൽ നിന്നും കിടാരികളെ കൊണ്ടുവരുന്നതിനു പകരം കർഷകർക്ക് നല്ലയിനം പശുക്കളെ നൽകുന്നതിനായി കേരളത്തിൽ കിടാരി പാർക്കുകൾ സ്ഥാപിക്കുമെന്നും ഇത് കേരളത്തിൽ വ്യാപകമായി കൊണ്ടുവരുമെന്നും മന്ത്രി പറഞ്ഞു. കെ.എം. സച്ചിൻ ദേവ് എംഎൽഎ അധ്യക്ഷത വഹിച്ചു.
ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ സുരേഖ നായർ പദ്ധതി വിശദീകരിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.കെ. അനിത മുഖ്യാതിഥിയായിരുന്നു. കൂരാച്ചുണ്ട് പഞ്ചായത്ത് പ്രസിഡന്റ് പോളി കാരക്കട, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.എം. ശശി, പഞ്ചായത്ത് വൈസ് പ്രസിഡന്റ് റസീന യൂസഫ്, ഫാ. ജിനോ ചുണ്ടയിൽ, എം.കെ. വനജ, പി.ടി. ഗിരീഷ് കുമാർ, പഞ്ചായത്തംഗം അരുൺ ജോസ്, നിഥുൻ, പി. കെ ആബിദ എന്നിവർ പ്രസംഗിച്ചു. വിവിധ മേഖലയിൽ കഴിവ് തെളിയിച്ച ക്ഷീരകർഷകരെ ചടങ്ങിൽ ആദരിച്ചു.