നവീകരിച്ച ടൗൺഹാൾ പുതുവത്സരത്തിന് തുറക്കും
1489879
Wednesday, December 25, 2024 1:40 AM IST
കോഴിക്കോട്: നവീകരണത്തിനായി അടച്ച ടൗൺഹാൾ പുതുവത്സരത്തിന് തുറന്നുകൊടുക്കും. കസേര, കർട്ടൻ തുടങ്ങിയവ മാറ്റി സ്റ്റേജ് അറ്റകുറ്റപ്പണി നടത്താനും ഹാൾ പെയിന്റടിച്ച് വൃത്തിയാക്കാനും ബാത്റൂം നന്നാക്കാനുമായിരുന്നു നവീകരണ പദ്ധതിയിൽ ഉൾപ്പെടുത്തിയിരുന്നത്. ഇനി കസേര മാറ്റൽ മാത്രമാണ് ബാക്കിയുള്ളത്. കസേരകൾ ഉടൻ എത്തും.
ടൗൺഹാൾ തുറന്നുകൊടുക്കാൻ വൈകുന്നത് കലാകാരന്മാരെ പ്രതിസന്ധിയിലാക്കുകയാണ്. ടൗൺഹാളും ടാഗോർ ഹാളും അടച്ചതോടെ ക്രിസ്മസ്-പുതുവത്സര ആഘോഷങ്ങൾ നടത്താൻ മിതമായ നിരക്കിൽ വേദി കിട്ടാതെ പ്രയാസപ്പെടുകയാണ് കലാകാരൻമാർ. ഇത് തങ്ങളുടെ ഉപജീവനമാർഗം തന്നെ ഇല്ലാതാക്കുകയാണെന്ന് കലാകാരന്മാർ പറഞ്ഞു. മൂന്നു മാസത്തിലേറെയായി ടൗൺഹാൾ അടച്ചിട്ട്. ടാഗോർ ഹാൾ രണ്ടു വർഷത്തിലേറെയായി പൂർണമായും അടച്ചുപൂട്ടിയിട്ടിരിക്കുകയാണ്. ഇതിനെതിരെ കലാകാരന്മാർ ടൗൺഹാളിന് മുന്നിൽ പാട്ടുപാടി പ്രതിഷേധിച്ചു.
ടൗൺഹാളടക്കം മാനാഞ്ചിറക്ക് ചുറ്റുമുള്ള പ്രദേശം പൈതൃക വീഥിയാക്കാൻ കോർപറേഷൻ ബജറ്റിൽ നിർദേശമുണ്ട്. കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ സഹകരണത്തോടെ ടൗൺഹാളടക്കമുള്ള കെട്ടിടങ്ങൾ നവീകരിച്ച് പരിപാലിക്കുമെന്നാണ് വാഗ്ദാനം.
ഇതിന്റെ ഭാഗമായി ടൗൺഹാൾ നവീകരിക്കാൻ 75 ലക്ഷം രൂപയുടെ പദ്ധതി കോർപറേഷൻ തയാറാക്കിയിരുന്നു.