കണ്‍സ്യൂമര്‍ഫെഡ് ക്രിസ്മസ്-പുതുവത്സര ചന്തകള്‍ക്ക് ഇന്ന് തുടക്കമാകും
1489340
Monday, December 23, 2024 2:55 AM IST
കോഴിക്കോട്: കണ്‍സ്യൂമര്‍ഫെഡ് ക്രിസ്മസ് - പുതുവത്സര വിപണികളുടെ കോഴിക്കോട് ജില്ലാതല ഉദ്ഘാടനം മുതലക്കുളം ത്രിവേണി അങ്കണത്തില്‍ ഇന്ന് വൈകിട്ട് നാലിന് തോട്ടത്തില്‍ രവീന്ദ്രന് എംഎല്‍എ നിര്‍വ്വഹിക്കും. സഹകരണ സംഘം ജോയിന്റ് രജിസ്ട്രാര്‍ ഷീജ ആദ്യവില്പന നിര്‍വ്വഹിക്കും. ജനുവരി ഒന്നുവരെയാണ് ചന്ത.
കോഴിക്കോട് ജില്ലയിലെ 13 ത്രിവേണി സൂപ്പര്‍ മാര്ക്കറ്റുകളോടനുബന്ധിച്ചാണ് ക്രിസ്മസ് - പുതുവത്സര വിപണികള്‍ ആരംഭിക്കുന്നത്. ആന്ധ്ര ജയ അരി, കുറുവ അരി, മട്ട അരി, പച്ചരി, പഞ്ചസാര, ഉഴുന്ന്, ചെറുപയര്‍, കടല, തുവരപ്പരിപ്പ്, വന്‍പയര്‍, മുളക്, മല്ലി, വെളിച്ചെണ്ണ എന്നിങ്ങനെ 13 നിത്യോപയോഗ സാധനങ്ങള്‍ സര്‍ക്കാര്‍ സബ്സിഡിയോടെ പൊതുവിപണിയേക്കാള്‍ 30 മുതല്‍ 50 ശതമാനം വരെ വിലക്കുറവില്‍ പൊതുജനങ്ങള്‍ക്ക് ലഭിക്കും. കേരളത്തിലെ വിവിധ സഹകരണസംഘങ്ങള്‍ കേരകര്ഷകരില് നിന്നും നേരിട്ട് കൊപ്ര ശേഖരിച്ച് ഉല്പാദിപ്പിക്കുന്ന വിവിധ പേരിലുള്ള വെളിച്ചെണകളാണ് ഈ വിപണികളിലൂടെ ജനങ്ങളിലേക്കെത്തുന്നത്.
ദിനേശ്, റെയ്ഡ്കോ, മില്‍മ തുടങ്ങിയ വിവിധ സഹകരണ സ്ഥാപനങ്ങളുടെ ഉല്പന്നങ്ങളും പ്രത്യേകം വിലക്കുറവില്‍ വിപണികളില്‍ ലഭിക്കും. അതോടൊപ്പം നോണ്‍-സബ്സിഡി ഇനങ്ങളും 10 മുതല്‍ 40 ശതമാനം വരെ വിലക്കുറവില്‍ ലഭിക്കും. പ്രമുഖ ബ്രാന്റ് കമ്പനികളുടെ എഫ്എംസിജി ഉല്പന്നങ്ങളും ഓഫര്‍ വിലകളില്‍ ലഭ്യമാകും.
ത്രിവേണി ബ്രാന്റില്‍ കണ്‍സ്യൂമര്‍ഫെഡ് നേരിട്ട് വിപണിയിലിറക്കുന്ന തേയില, ആട്ട, മൈദ, റവ, അരിപ്പൊടികള്‍, മസാലപ്പൊടികള്‍ തുടങ്ങിയവയും ബിരിയാണി അരി, വെല്ലം, ഡാല്‍ഡ, സേമിയ എന്നിവയും പ്രത്യേകം വിലക്കുറവില്‍ വിപണിയിലൂടെ ലഭ്യമാകും.
ത്രിവേണികളിലൂടെ ഒരു ദിവസം 75 പേര്‍ക്കാണ് നിത്യോപയോഗസാധനങ്ങള്‍ വിപണികളില്‍ നിന്നും ലഭ്യമാകുക. ജില്ലാ ചന്തയില്‍ ഒരു ദിവസം 300 പേര്‍ക്ക് സാധനങ്ങള്‍ ലഭിക്കും. തിരക്ക് ഒഴിവാക്കാന്‍ സമയമെഴുതിയ കൂപ്പണ്‍ നല്‍കും. റേഷന്‍ കാര്‍ഡ് മുഖേനെ നിയന്ത്രണ വിധേയമായാണ് സാധനങ്ങളുടെ വിതരണം ക്രമീകരിച്ചിരിക്കുന്നത്.
കൂടാതെ ത്രിവേണികളിലൂടെ ചില പ്രത്യേക ഉപ്പന്നങ്ങള്‍ പര്‍ച്ചേഴ്സ് ചെയ്യുന്ന ഉപഭോക്താക്കള്‍ക്ക് സമ്മാന കൂപ്പണുകളും ലഭ്യമാകും. ഫ്രിഡ്ജ്, വാഷിംഗ് മെഷീന് തുടങ്ങി നിരവധി സമ്മാനങ്ങള്‍ സമ്മാനക്കൂപ്പണുകളിലൂടെ ഉപഭോക്താക്കള്‍ക്ക് ലഭിക്കും.
വിപണികള്‍
താമരശേരി ത്രിവേണി
സൂപ്പര്‍മാര്‍ക്കറ്റ്
ബാലുശേരി ത്രിവേണി
സൂപ്പര്‍മാര്‍ക്കറ്റ്
ചക്കിട്ടപ്പാറ ത്രിവേണി
സൂപ്പര്‍മാര്‍ക്കറ്റ്
കൊയിലാണ്ടി ത്രിവേണി
സൂപ്പര്‍മാര്‍ക്കറ്റ്
വടകര ത്രിവേണി
സൂപ്പര്‍മാര്‍ക്കറ്റ്
വടകര മേപ്പയില്‍ റോഡ്
ത്രിവേണി സൂപ്പര്‍മാര്‍ക്കറ്റ്
കക്കട്ടില്‍ ത്രിവേണി
സൂപ്പര്‍മാര്‍ക്കറ്റ്
നാദാപുരം ത്രിവേണി
സൂപ്പര്‍മാര്‍ക്കറ്റ്