ജിഎസ്ടി കൗണ്‍സില്‍ തീരുമാനത്തെ സ്വാഗതം ചെയ്ത് കെവിവിഇഎസ്
1489342
Monday, December 23, 2024 2:55 AM IST
കോഴിക്കോട്: കെട്ടിട വാടകയ്ക്കുമേല്‍ ഏര്‍പ്പെടുത്തിയ 18 ശതമാനം നികുതി ബാധ്യതയില്‍ നിന്നും കോമ്പോസിഷന്‍ സ്കീം തെരഞ്ഞെടുത്ത ചെറുകിട വ്യാപാരികളെ ഒഴിവാക്കിയ ജിഎസ്ടി കൗണ്‍സിലിന്റെ തീരുമാനത്തെ വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന കമ്മിറ്റി സ്വാഗതം ചെയ്തു. ഏകോപനസമിതിയുടെ വിട്ടുവീഴ്ചയില്ലാത്ത നിലപാടിന്റെ വിജയമാണെന്ന് പുതിയ തീരുമാനമെന്ന് കമ്മിറ്റി വിലയിരുത്തി.
റെഗുലര്‍ സ്കീമില്‍ ഉള്‍പ്പെട്ടവര്‍ക്ക് റിവേഴ്സ് ചാര്‍ജ് സംവിധാനത്തിലൂടെ നിബന്ധനകള്‍ക്ക് വിധേയമായി വാടകയിന്മേലുള്ള നികുതി ബാധ്യതയില്‍നിന്നും ഒഴിവാകാന്‍ കഴിയുന്ന സാഹചര്യം ഉണ്ടായിരുന്നപ്പോഴും ചെറുകിട വ്യാപാരികളുടെ മേല്‍ (ഒന്നരക്കോടിക്ക് താഴെ വാര്‍ഷിക വിറ്റുവരവുള്ള കോമ്പോസിഷന്‍ ഓപ്ഷന് എടുത്തവര്‍) ഈ ബാധ്യത നിഷ്കരുണം അടിച്ചേല്‍പ്പിക്കുന്ന വിധമായിരുന്നു ജിഎസ്ടി കൗണ്‍സിലിന്റെ മുന്‍ തീരുമാനം.
ഈ വിഷയത്തില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ശ്രദ്ധ ക്ഷണിച്ചുകൊണ്ട് സംഘടന നിരവധി സമരങ്ങള്‍ നടത്തിയിരുന്നു. വാടകയിന്മേലുള്ള നികുതി, ഓണ്‍ലൈന്‍ വ്യാപാരം,സ്വദേശ, വിദേശ കുത്തകകളെ സംരക്ഷിക്കുന്ന സമീപനം എന്നിവയിലുള്ള നയങ്ങള്‍ കേന്ദ്ര -സംസ്ഥാന സര്‍ക്കാരുകള്‍ അടിയന്തരമായി തിരുത്തണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ നവംബര്‍ ഏഴിന് രാജ് ഭവന് മാര്‍ച്ച് നടത്തിയിരുന്നു.
ഇതേ ആവശ്യങ്ങള്‍ മുന്‍ നിര്‍ത്തി ഫെബ്രുവരി നാലിന് പാര്‍ലമെന്റ് മാര്‍ച്ച് നടത്താനിരിക്കെയാണ് ഡിഎസ്ടി കൗണ്‍സിലില്‍നിന്ന് ആശ്വാസകരമായ വാര്‍ത്തവന്നത്. മറ്റ് ആവശ്യങ്ങള്‍ പരിഹരിക്കുന്നതുവരെ ശക്തമായ സമരപരിപാടികളുമായി മുന്നോട്ടുപോകുമെന്നും സംസ്ഥാന കമ്മിറ്റി അറിയിച്ചു.