മൊകവൂർ - കുമ്മിക്കൽ താഴം ക്രോസിംഗിൽ അടിപ്പാത നിർമ്മിക്കണം
1489282
Sunday, December 22, 2024 8:10 AM IST
കോഴിക്കോട്: ദേശീയപാത -66 മൊകവൂർ-കുമ്മിക്കൽ താഴം ക്രോസിംഗിൽ അടിപ്പാത നിർമ്മിക്കണമെന്ന ആവശ്യത്തിൽ ദേശീയപാതാ അഥോറിറ്റി പ്രോജക്റ്റ് ഡയറക്ടർ 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ജുഡീഷൽ അംഗം കെ. ബൈജുനാഥ്. കോഴിക്കോട് ഗവ.ഗസ്റ്റ് ഹൗസിൽ ജനുവരി 30 ന് നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും.
നഗരസഭയിലെ അഞ്ചാം വാർഡായ മൊകവൂരിനെ രണ്ടായി വിഭജിച്ചുകൊണ്ടാണ് ദേശീയപാത 66 കടന്നുപോകുന്നതെന്ന് പരാതിയിൽ പറയുന്നു. റോഡ് നിർമ്മാണവുമായി ബന്ധപ്പെട്ട് ദേശീയപാതയുടെ വടക്കു കിഴക്ക് ഭാഗത്ത് താമസിക്കുന്ന രണ്ടായിരത്തോളം പേർക്ക് കുണ്ടുപറമ്പ്- ചിറ്റിക്കടവ് റോഡിലൂടെ ഗതാഗതം നിരോധിച്ചിരിക്കുകയാണെന്ന് പരാതിയിൽ പറയുന്നു.
2016 മുതൽ അടിപ്പാത നിർമ്മാണത്തിനായി നാട്ടുകാർ ആവശ്യം ഉന്നയിച്ചു വരികയാണെന്നും പരാതിയിൽ പറയുന്നു. പ്രദേശവാസികൾക്ക് കോഴിക്കോട് നഗരസഭയുമായി ബന്ധപ്പെടാനുള്ള ഏക മാർഗമാണ് അടച്ചിട്ടിരിക്കുന്നതെന്നും മൊകവൂർ അമ്മ റെസിഡൻസ് വെൽഫയർ അസോസിയേഷൻ ഭാരവാഹികൾ സമർപ്പിച്ച പരാതിയിൽ പറയുന്നു. പ്രത്യക്ഷമായ സഞ്ചാര സ്വാതന്ത്ര്യ ലംഘനമാണ് നടക്കുന്നതെന്നും പരാതിയിൽ പറയുന്നു.