ക്വാറിക്കാരില്‍ നിന്നു കൈക്കൂലി വാങ്ങിയെന്ന പരാതി: സിവില്‍ പോലീസ് ഓഫീസറുടെ റിവ്യൂ ഹര്‍ജി സര്‍ക്കാര്‍ തള്ളി
1489341
Monday, December 23, 2024 2:55 AM IST
കോഴിക്കോട്: ക്വാറി ഉടമയില്‍നിന്നു കൈക്കൂലി വാങ്ങി നിയമവിരുദ്ധ പ്രവര്‍ത്തിക്കു കൂട്ടുനിന്നുവെന്ന പരാതിയില്‍ അച്ചടക്ക നടപടിക്കു വിധേയനായ സിവില്‍ പോലീസ് ഓഫീസര്‍ സമര്‍പ്പിച്ച റിവ്യു ഹര്‍ജി സര്‍ക്കാര്‍ തള്ളി. അന്വേഷണ ഉദ്യോഗസ്ഥന്റെ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് വാര്‍ഷിക വേതന വര്‍ധനവ് ഒരു വര്‍ഷത്തേക്ക് തടഞ്ഞ നടപടിക്കെതിരേ മുക്കം സ്റ്റേഷനിലെ സിപിഒ ആയിരുന്ന എന്‍.എസ്. ഷഫീഖ് നല്കിയ റിവ്യ ഹര്‍ജിയാണ് സര്‍ക്കാര്‍ തള്ളിക്കളഞ്ഞത്. 2021 ജനുവരി 13നാണ് പരാതിക്കാധാരമായ സംഭവം നടന്നത്.
എന്‍.എസ്. ഷഫീഖും മുക്കം സ്റ്റേഷനിലെ പ്രിന്‍സിപ്പല്‍ എസ്ഐ ആയിരുന്ന സജിത്ത് സജീവും ചേര്‍ന്ന് 5000 രൂപ കൈക്കൂലി വാങ്ങിയെന്നായിരുന്നു പരാതി. മുക്കം സ്റ്റേഷന് പരിധിയിലെ ചെങ്കല്‍ ക്വാറികളില്‍ പോലീസ് ജീപ്പില്‍ സന്ദര്‍ശനം നടത്തുകയായിരുന്ന എസ്ഐയും സിപിഒയും നെല്ലിക്കാപറമ്പ് സെല്‍വ ക്രഷറിനു സമീപം ഗിരീഷ്കുമാര്‍ എന്നയാളുടെ ക്വാറിയിലും പരിശോധന നടത്തി. ക്വാറി നടത്തിപ്പിന്റെ രേഖകള്‍ നല്കാന് ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടു. ഇല്ലെന്നു പറഞ്ഞപ്പോള്‍ മെഷീനും ചെങ്കല്ല് കയറ്റിയ ലോറിയും സ്റ്റേഷനില്‍ കൊണ്ടുവരാനും കേസില്‍ നിന്ന് ഒഴിവാക്കാന്‍ ഗിരീഷിനോട് 7000 രൂപ ആവശ്യപ്പെടുകയും ചെയ്തു.
കയ്യിലുണ്ടായിരുന്ന 5000 രൂപ ഗിരീഷ്കുമാര്‍ എസ്ഐയുടെ കയ്യില്കൊടുത്തുവെന്നും ബാക്കി പണം ഗൂഗിള്‍പേ ചെയ്തു തരാമെന്ന് പറഞ്ഞപ്പോള്‍ ഗൂഗിള്‍പേ ചെയ്യേണ്ടെന്ന് ഷഫീഖ് പറഞ്ഞതായുമാണ് പരാതി ഉണ്ടായിരുന്നത്. മതിയായ രേഖകള്‍ ഇല്ലാതെയാണ് ക്വാറി പ്രവര്‍ത്തിക്കുന്നതെന്നു വ്യക്തമായിട്ടും ഇക്കാര്യം മേലധികാരികളെ അറിയിക്കാതെ കൈക്കൂലി വാങ്ങി നിയമവിരുദ്ധ പ്രവര്‍ത്തിക്ക് ഷഫീഖ് കുട്ടുനിന്നുവെന്ന് പരാതിയില്‍ അന്വേഷണം നടത്തിയ ഉദ്യോഗസ്ഥന് റിപ്പോര്‍ട്ട് ചെയ്തിരുന്നു.
വാര്‍ഷിക വേതന വര്‍ധനവ് തടഞ്ഞതിനെതിരേ ഷഫീഖ് കണ്ണൂര്‍ ഐജിക്ക് അപ്പീല്‍ നല്‍കിയത് തള്ളിയതിനെതുടര്‍ന്നാണ് അച്ചടക്ക നടപടി പിന്‍വലിക്കാന്‍ റിവ്യൂ ഹര്‍ജി നല്‍കിയത്. ഷഫീഖിനെതിരേയുള്ള പരാതിയില്‍ നടത്തിയ അന്വേഷണ വിചാരണയില്‍ ഒന്നു മുതല്‍ നാലുവരെയുള്ള സാക്ഷികള്‍ ഹാജരായിരുന്നില്ല. തനിക്കെതിരേ ആരോപണമുന്നയിച്ച സാക്ഷികള്‍ വിചാരണക്ക് ഹാജരാകാത്തതിനാല്‍ സാക്ഷികളെ തനിക്ക് വിസ്തരിക്കാന്‍ അവസരം ലഭിച്ചില്ലെന്നും സാക്ഷികളെ ചോദ്യം ചെയ്താണ് കുറ്റം ചെയ്തിട്ടില്ലെന്നു തെളിയിക്കുന്നതെന്നും ഷഫീഖ് റിവ്യൂഹര്‍ജിയില്‍ വാദിച്ചിരുന്നു.
കൈക്കൂലി ആരോപണത്തെ തുടര്‍ന്ന് ഷഫീഖിനൊപ്പം അച്ചടക്ക നടപടിക്ക് വിധേയനായ എസ്ഐ സജിത്ത് സജീവന് എതിരേയുള്ള വകുപ്പു തല നടപടിയില്‍ നടന്ന അന്വേഷണ വിചാരണയിലും മേല്പറഞ്ഞ ഒന്നുമുതല്‍ നാലുവരെ സാക്ഷികള്‍ തന്നെയായിരുന്നു ഉണ്ടായിരുന്നത്. എസ്ഐക്കെതിരായ വിചാരണയിലും സാക്ഷികള്‍ ഹാജരായില്ല. സാക്ഷികള്‍ ഹാജരാകാത്തതിനാല്‍ ആരോപിത കുറ്റം തെളിയിക്കാന്‍ കഴിഞ്ഞില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ കോഴിക്കോട് റൂറല്‍ ഡിസ്ട്രിക്ട് ക്രൈംബ്രാഞ്ച് ഡിവൈഎസ്പി റിപ്പോര്‍ട്ടു സമര്‍പ്പിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ എസ്ഐയെ കുറ്റവിമുക്തനാക്കി. ഈ സാഹചര്യത്തില്‍ ഒരേപോലെ കുറ്റാരോപിതരായവരില്‍ ഒരാളെ മാത്രം കുറ്റക്കാരനായി കണക്കാക്കി ശിക്ഷിച്ചത് നിയമവിരുദ്ധമാണെന്നും ഷഫീഖ് റിവ്യൂ ഹര്‍ജിയില്‍ വാദിച്ചിരുന്നു.
ഷഫീഖ് ഉയര്‍ത്തിയ വാദങ്ങളെല്ലാം പരിശോധിച്ച ശേഷമാണ് സര്‍ക്കാര്‍ ഹര്‍ജി തള്ളിയത്. പ്രാഥമിക അന്വേഷണ വേളയില്‍ ഷഫീഖിനെതിരേ മൊഴി നല്കിയ സാക്ഷികള്‍ വാക്കാല്‍ അന്വേഷണ വേളയില്‍ മൊഴി നല്കാന് ഹാജരാകാതിരുന്നത് ഹര്‍ജിക്കാരന്റെ സ്വാധീനഫലമാണെന്ന് സംശയിക്കാവുന്നതാണെന്നാണ് സര്‍ക്കാര്‍ വിലയിരുത്തിയത്. ഹര്ജിക്കാരന് വാക്കാല്‍ അന്വേഷണത്തിനു ശേഷം സമര്‍പ്പിച്ച മറുപടിയില്‍ ആരോപണത്തെ ഖണ്ഡിക്കുന്ന യാതൊരു വാദഗതികളും ഉന്നയിച്ചിട്ടില്ലെന്നും വ്യക്തമാക്കിയാണ് അച്ചടക്ക നടപടി പുനഃപരിശോധിക്കേണ്ടെന്നു സര്‍ക്കാര്‍ തീരുമാനിച്ചത്.