വേയപ്പാറയിൽ ഇക്കോ ടൂറിസം സാധ്യത ചൂണ്ടിക്കാട്ടി കുട്ടികൾ
1489350
Monday, December 23, 2024 2:55 AM IST
പേരാമ്പ്ര: കോട്ടൂർ ഗ്രാമ പഞ്ചായത്തിലെ വേയപ്പാറമല ഇക്കോ ടൂറിസം കേന്ദ്രമാക്കണമെന്ന് ആവശ്യപ്പെട്ട് കോട്ടൂർ എയുപി സ്കൂൾ വിദ്യാരംഗം കലാസാഹിത്യ വേദി അംഗങ്ങൾ നിവേദനം തയാറാക്കുന്നു. ഇതിന്റെ ഭാഗമായി നൂറോളം വിദ്യാർഥികൾ വേയപ്പാറയിലേക്ക് നടത്തിയ സന്ദേശയാത്ര സ്കൂൾ മാനേജർ കെ. സദാനന്ദൻ ഫ്ലാഗ്ഓഫ് ചെയ്തു. പഞ്ചായത്തിലെ ഒന്ന്, രണ്ട് വാർഡുകളിലായി സ്ഥിതി ചെയ്യുന്ന വേയപ്പാറമലയുടെ പ്രാധാന്യം, പ്രകൃതി ഭംഗി, നാടിന്റെ ടൂറിസം സാധ്യത എന്നിവ അധികൃതരുടെയും പൊതു ജനങ്ങളുടെയും ശ്രദ്ധയിലേക്ക് എത്തിക്കുക എന്നതാണ് സന്ദേശ യാത്രയുടെ ലക്ഷ്യം.
സ്കൂളിൽ സംഘടിപ്പിച്ച ഏകദിന ക്യാമ്പിന്റെ ഭാഗമായാണ് സന്ദേശ യാത്ര നടത്തിയത്. "നമ്മുടെ മണ്ണ് എത്ര സുന്ദരം', "വേയപ്പാറ ഇക്കോ ടൂറിസം കേ ന്ദ്രമാക്കുക ' എന്നെഴുതിയ പതാക വിദ്യാരംഗം കലാസാഹിത്യ വേദി ഉപജില്ലാ കൺവീനർ വി.എം. അഷറഫ്, പ്രധാനാധ്യാപിക ആർ. ശ്രീജ, സ്കൂൾ കോ ഓർഡിനേറ്റർ എസ്. ജിതേഷ് എന്നിവർ ചേർന്ന് വേയപ്പാറക്ക് മുകളിൽ സ്ഥാപിച്ചു.
ഇവിടെ നിന്ന് നോക്കിയാൽ കൊയിലാണ്ടി ബീച്ച്, തിക്കോടി ലൈറ്റ് ഹൗസ്, കക്കയം, വയനാടൻ മലനിരകൾ തുടങ്ങി നിരവധി കാഴ്ചകൾ കാണാൻ സാധിക്കും. വേയപ്പാറയുടെ നാല് വശങ്ങളിലും വ്യൂ പോയിന്റുകൾ സ്ഥാപിക്കുക, വിദൂര ദൃശ്യങ്ങൾ കൂടുതൽ ആകർഷകമാക്കാൻ വാച്ച്ടവർ സ്ഥാപിക്കുക, സഞ്ചാരികൾക്ക് സുരക്ഷിത നടപ്പാത ഒരുക്കുക, ഗ്ലാസ് ബ്രിഡ്ജ്, ഏറുമാടം, സാഹസികത ആഗ്രഹിക്കുന്നവർക്കായി ആധുനിക സംവിധാനങ്ങൾ സ്ഥാപിക്കുക തുടങ്ങിയവയാണ് കുട്ടികൾ യാത്രയിൽ കണ്ടെത്തിയ കാര്യങ്ങൾ.
ഇവയെല്ലാം ചേർത്ത് വിദ്യാർഥികൾ തയാറാക്കുന്ന നിവേദനം പഞ്ചായത്തിന്റെ പിന്തുണയോടെ എംഎൽഎ, എംപി, ജില്ലാ കളക്ടർ, ടൂറിസം മന്ത്രി എന്നിവർക്ക് സമർപ്പിക്കും. അഷറഫ് പുനത്തിൽ, എൻ.കെ. സലീം, പ്രസന്ന മനോജ്, ബി.ആർ. ദീപ, എസ്. ഷൈനി, വി.ടി. സുനന, വി. രമ്യ, വി.കെ. റാഷിദ്, വി. നീതു തുടങ്ങി സ്കൂളിലെ മുഴുവൻ അധ്യാപകരും പരിപാടിക്ക് നേതൃത്വം നൽകി.