മുതുകുന്നു മല സംരക്ഷിക്കാൻ ബഹുജനങ്ങളെ അണിനിരത്തും: കോൺഗ്രസ്
1488316
Thursday, December 19, 2024 6:50 AM IST
പേരാമ്പ്ര: മുതുകുന്നു മലയിൽനിന്ന് അനധികൃതമായി മണ്ണെടുത്ത് പ്രദേശത്തെ ജനങ്ങൾക്ക് വലിയ ദുരന്തം വരുത്തുന്ന ഖനനം അനുവദിക്കില്ലെന്ന് നൊച്ചാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റി ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.
മുതുകുന്നു മലയിൽനിന്ന് 95.05 മെട്രിക്ടൺ മണ്ണ് അഞ്ച് മാസം കൊണ്ട് നീക്കം ചെയ്യാൻ അനുമതി കൊടുത്തതിൽ ദുരൂഹതയുണ്ട്. അരിക്കുളം പഞ്ചായത്തിൽനിന്ന് അനുമതി വാങ്ങി നൊച്ചാട് പഞ്ചായത്ത് പരിധിയിൽനിന്ന് മണ്ണെടുക്കുന്നതിൽ വലിയ അഴിമതിയുണ്ട്. മുതുകുന്നുമലയിൽ ജലജീവൻ മിഷന്റെ ഇരുപതിനായിരം ലിറ്റർ കുടിവെള്ള ടാങ്ക്സ്ഥാപിച്ചിട്ടുണ്ട്. ഇതിന് ഭീഷണിയാണ് മണ്ണെടുക്കൽ. മുതുകുന്നുമലയിലെ 15 ഏക്കർ സ്ഥലം വാക്കാ എന്ന പേരിൽ രൂപീകരിച്ച കമ്പനി ഹൈവേ നിർമാണത്തിന് വാഗാഡ് കമ്പനിക്ക് മണ്ണ് കൊടുക്കാൻ കരാർ ഉണ്ടാക്കിയാതായി രേഖകൾ ഉണ്ട്. പ്രദേശത്തെയും പരിസര വാർഡുകളിലെയും ക്ഷീര കർഷകരെ ഷെയർ ഉടമകളാക്കി വൻ തുക സമാഹരിച്ചതായും കമ്മിറ്റി കുറ്റപ്പെടുത്തി.
അരിക്കുളം, നൊച്ചാട് പഞ്ചായത്ത് പരിധിയിൽ വരുന്ന പ്രസ്തുത പ്രദേശത്തെ കുന്ന് ഇടിച്ചു നിരത്താൻ നൽകിയ അനുമതി റദ്ദാക്കണമെന്നും ഉന്നത സിപിഎം നേതാവിന്റെ രാഷ്ട്രീയ ഇടപെടൽ വിശദീകരിക്കണമെന്നും വാർത്ത സമ്മേളനത്തിൽ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് വി.വി. ദിനേശൻ, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് കെ. മധു കൃഷ്ണൻ, പി.എം. പ്രകാശൻ, സി.കെ. അജീഷ്, ഷിജു കെ. ദാസ് എന്നിവർ പറഞ്ഞു.