വനനിയമ ഭേദഗതി കരട് ബിൽ കർഷക വിരുദ്ധം; പിൻവലിക്കമെന്ന് മുസ്ലിം ലീഗ്
1488311
Thursday, December 19, 2024 6:50 AM IST
മുക്കം: 1961 ലെ വനനിയമത്തിലെ പുതിയ ഭേദഗതി കരട് ബിൽ കർഷക വിരുദ്ധമാണെന്നും പിൻവലിക്കണമെന്നും മുസ്ലിം ലീഗ് തിരുവമ്പാടി നിയോജക മണ്ഡലം പ്രവർത്തകസമിതി ആവശ്യപ്പെട്ടു. സംസ്ഥാന സർക്കാർ പുറത്തിറക്കിയ പുതിയ വനനിയമ കരട് ബിൽ കർഷകരും ആദിവാസികളും ഉൾപ്പെടെയുള്ള ജനതയുടെ മൗലിക അവകാശത്തിന്മേലുള്ള കടന്ന് കയറ്റമാണ്.
മലയോര കുടിയേറ്റ കർഷക ജനതയുടെ ജീവിതം ദുരിതത്തിലാക്കുന്ന നിബന്ധനകളാണ് പുതിയ നിയമത്തിൽ പറഞ്ഞിരിക്കുന്നത്. വനത്തെ ആശ്രയിച്ച് ജീവിക്കുന്ന ആദിവാസി-ഗോത്ര ജനതയെ കുടിയിറക്കാനുള്ള സാഹചര്യം നിലനിൽക്കുന്നുണ്ട്. ദുരിത ജീവിതം നയിക്കുന്ന മലയോര ജനത വിജ്ഞാപനം വന്നതോടെ ഭയാശങ്കയിലായ മലയോര ജനതയുടെ ആശങ്കയകറ്റണം. വനനിയമത്തിന്റെ മറവിൽ ജനതയെ ദ്രോഹത്തിലാക്കുന്ന ജനദ്രോഹ കരിനിയമങ്ങളടങ്ങിയ വനനിയമ ഭേദഗതി കരട് ബിൽ പിൻവലിക്കണമെന്ന് മുസ്ലിം ലീഗ് ആവശ്യപ്പെട്ടു.
ജില്ലാ ലീഗ് ജനറൽ സെക്രട്ടറി ടി.ടി. ഇസ്മായിൽ ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം ലീഗ് പ്രസിഡന്റ് സി.കെ. കാസിം അധ്യക്ഷത വഹിച്ചു. ജില്ലാ ലീഗ് സെക്രട്ടറിമാരായ വി.കെ. ഹുസൈൻ കുട്ടി, ഒ.പി. നസീർ, മജീദ് പുതുക്കുടി, കെ.പി. മുഹമ്മദ് ഹാജി, കെ.പി. അബ്ദുറഹ്മാൻ, എ.കെ. സാദിഖ്, ദാവൂദ് മുത്താലം, വി.എ. റഷീദ്, കെ.സി. മുഹമ്മദ് ഹാജി, എൻ.ഐ. അബ്ദുൾ ജബ്ബാർ, എ.എം. അബൂബക്കർ, പി.കെ. അബ്ദുൾ കഹാർ, കെ.എം. ഷൗക്കത്തലി സംബന്ധിച്ചു.