മരങ്ങൾ വീണ് കക്കയം ഡാം സൈറ്റ് റോഡിൽ ഗതാഗതം മുടങ്ങി
1488522
Friday, December 20, 2024 6:05 AM IST
കൂരാച്ചുണ്ട്: കക്കയം ഡാം സൈറ്റ് റോഡിൽ കല്ലുപാലത്തിന് സമീപം മരങ്ങൾ വീണ് ഗതാഗതം മുടങ്ങി. ബുധനാഴ്ച വൈകുന്നേരം അഞ്ചിന് ശേഷമാണ് റോഡരികിലെ വലിയ മരങ്ങളും വള്ളികളും ഒരുമിച്ച് റോഡിലേക്ക് വീണത്.
ഡാം സൈറ്റ് മേഖല സന്ദർശിക്കാനെത്തിയ വിനോദസഞ്ചാരികളും, ഹൈഡൽ - ഇക്കോ ടൂറിസം ജീവനക്കാരും, ഡാം സേഫ്റ്റി ജീവനക്കാരും ഉൾപ്പടെയുള്ളവരുടെ ഒട്ടേറെ വാഹനങ്ങൾ മണിക്കൂറുകളോളം മലഭാഗത്ത് കുടുങ്ങി. സന്ദർശനം കഴിഞ്ഞ് മടങ്ങി പോകുന്ന വിനോദസഞ്ചാരികളുടെ വാഹനം കടന്ന് പോയി നിമിഷങ്ങൾക്കകമാണ് മരം കടപുഴകി വീണത്. കെഎസ്ഇബി, വനംവകുപ്പ് അധികൃതരുടെയും, നാട്ടുകാരുടെയും നേതൃത്വത്തിലാണ് മരങ്ങൾ മുറിച്ച് മാറ്റി ഗതാഗത തടസം ഒഴിവാക്കിയത്.