"വനനിയമ ഭേദഗതി മലയോര കർഷകരോടുള്ള വെല്ലുവിളി'
1488821
Saturday, December 21, 2024 5:17 AM IST
താമരശേരി: മലയോര കർഷകരോടുള്ള പുതിയ വെല്ലുവിളിയാണ് വനനിയമ ഭേദഗതി ബില്ലെന്ന് കർഷക കോൺഗ്രസ് ജില്ലാ പ്രസിഡന്റ് അഡ്വ. ബിജു കണ്ണന്തറ അഭിപ്രായപ്പെട്ടു. കർഷക കോൺഗ്രസിന്റെ നേതൃത്വത്തിൽ വനനിയമ ഭേദഗതി ബിൽ കത്തിച്ച് കൊടുവള്ളിയിൽ നടത്തിയ പ്രതിഷേധ കനൽ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വന്യമൃഗങ്ങളെ കാട്ടിൽ തന്നെ നിലനിർത്താനുള്ള സംവിധാനങ്ങൾ ഒരുക്കുകയും കാട്ടിൽ നിന്ന് നാട്ടിൽ ഇറങ്ങുന്ന വന്യമൃഗങ്ങൾക്ക് യാതൊരു നിയമപരിരക്ഷയും നൽകാതെ അവയെ വെടിവെച്ചു കൊല്ലാൻ ആവശ്യമായ നിയമനിർമാണവുമാണ് നടത്തേണ്ടത്. ജനവിരുദ്ധമായ നിയമങ്ങൾ അടിച്ചേൽപ്പിച്ച് മലയോര ജനതയെ ദ്രോഹിക്കാനാണ് സർക്കാരിന്റെ ഭാവമെങ്കിൽ ശക്തമായ പ്രതിഷേധ സമരത്തിന് കർഷക കോൺഗ്രസ് നേതൃത്വം നൽകുമെന്നും അദ്ദേഹം പറഞ്ഞു.
നിയോജക മണ്ഡലം പ്രസിഡന്റ് ശെരീഫ് വെളിമണ്ണ അധ്യക്ഷത വഹിച്ചു. അബ്ദുറഹ്മാൻ മലയിൽ, കമറുദ്ദീൻ അടിവാരം, സണ്ണി കുഴമ്പാല, സുബ്രഹ്മണ്യൻ കൂടത്തായി, എ.കെ. അഹമ്മദ് കുട്ടി, മോഹൻദാസ്, യു.കെ. അബ്ദുറഹിമാൻ, അഹമ്മദ് കുട്ടി കോളിക്കൽ, ഗിരീഷ് തച്ചംപൊയിൽ, മനോജ് ചെമ്പ്ര, ജോഷി തൈപ്പറമ്പിൽ എന്നിവർ പ്രസംഗിച്ചു.