സ്പെഷല്‍ ഒളിമ്പിക്സ് വിളംബരം ചെയ്ത് ഭിന്നശേഷിക്കാരുടെ "ബഡ്ഡി വാക്ക്'
1488524
Friday, December 20, 2024 6:05 AM IST
കോഴിക്കോട്: 27 മുതല്‍ 29 വരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ഒളിമ്പ്യന്‍ റഹ്മാന് സ്റ്റേഡിയത്തില്‍ നടക്കുന്ന ബുദ്ധിപരമായ വെല്ലുവിളികള്‍ നേരിടുന്ന ഭിന്നശേഷിക്കാരുടെ സ്പെഷല്‍ ഒളിമ്പിക്സിന് മുന്നോടിയായി നടന്ന 'ബഡ്ഡി വാക്ക്' വിളംബര ജാഥ വേറിട്ട കാഴ്ചയായി.
കോഴിക്കോട്ടെ വിവിധ സ്പെഷ്യല്‍ സ്കൂള്‍ വിദ്യാര്‍ഥികളും മറ്റ് സ്കൂളുകളില്‍ നിന്നുള്ള വിദ്യാര്‍ഥികളും കൈകോര്‍ത്ത് പിടിച്ച് നടന്നുനീങ്ങിയപ്പോള്‍ "നിങ്ങള്‍ തനിച്ചല്ല, ഞങ്ങള്‍ കൂടെയുണ്ട്' എന്ന പ്രഖ്യാപനമായി അത് മാറി. സിഎസ്ഐ പള്ളി മുതല്‍ മാനാഞ്ചിറ മൈതാനം വരെയായിരുന്നു ബഡ്ഡി വാക്ക് നടന്നത്.
കോഴിക്കോട് മേയര്‍ ഡോ. ബീന ഫിലിപ്പ് ബഡ്ഡി വാക്കിന്റെ ഫ്ളാഗ് ഓഫ് കര്‍മ്മം നിര്‍വഹിച്ചു. സ്പെഷ്യല്‍ ഒളിമ്പിക്സിനു മാത്രമല്ല എപ്പോഴും ഭിന്നശേഷിക്കാരെ ചേര്‍ത്തുപ്പിടിച്ച് അവര്‍ക്കൊപ്പം നമ്മള് ഉണ്ടാവണമെന്ന് മേയര്‍ പറഞ്ഞു. ചടങ്ങില്‍ 2024ലെ ഭിന്നശേഷി പുരസ്ക്കാര ജേതാവ് ബി. അനു, ഭിന്നശേഷി വിഭാഗത്തിലെ ദേശീയ പവര്‍ലിഫ്റ്റിംഗ് ചാമ്പ്യന്‍ കെ.കെ. അനുഷ് എന്നിവര്‍ സ്പെഷല്‍ ഒളിമ്പിക്സിന്റെ ഔദ്യോഗിക ജേഴ്സി പ്രകാശനം ചെയ്തു.
കോഴിക്കോട് കോര്പറേഷന് സ്റ്റാന്‍ഡിംഗ് കമ്മിറ്റി അംഗങ്ങളായ പി. ദിവാകരന്, പി.കെ. നാസര്‍, മുന്‍ സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് ടി.പി. ദാസന്, ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് ഒ. രാജഗോപാല്‍, കൗണ്‍സിലര്‍ ടി. രനീഷ്, ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ സെക്രട്ടറി പ്രപു പ്രേമനാഥ്, മാധ്യമപ്രവര്ത്തകന് കമാല്‍ വരദൂര്‍, ഡയറക്ടര്‍ ജാസിം അറക്കല്‍, ആംസ്റ്റര്‍ഡാം സര്‍വകലാശാല പ്രഫ. ഡോ. പാട്രിക്ക് മക്കര്ണി, ഫാ. റോയ് കണ്ണഞ്ചിറ, സ്പെഷല്‍ ഒളിമ്പിക്സ് സംസ്ഥാന പ്രസിഡന്റ് ഡോ. എം.കെ. ജയരാജ് എന്നിവർ പ്രസംഗിച്ചു. ശിഹാബ് പൂക്കോട്ടൂര്‍, അസീം വെളിമണ്ണ എന്നിവര്‍ വിശിഷ്ടാതിഥികളായി. മാനാഞ്ചിറ മൈതാനത്ത് ബഡ്ഡി വാക്ക് സമാപിച്ച ശേഷം റൊട്രാക്ട് ക്ലബ് അംഗങ്ങളും കുട്ടികളും ചേര്‍ന്ന് കലാപരിപാടികള്‍ അവതരിപ്പിച്ചു.