വളർത്തുമൃഗങ്ങളെ കടുവ പിടിക്കുന്നു ; വനംമന്ത്രി നേരിട്ട് ഇടപെടണം: കർഷക കോൺഗ്രസ്
1488817
Saturday, December 21, 2024 5:17 AM IST
കൂടരഞ്ഞി: കൂടരഞ്ഞി പഞ്ചായത്തിൽ പെരുമ്പൂള പ്രദേശങ്ങളിൽ വളർത്തുമൃഗങ്ങളെ കടുവ പിടിച്ചു കൊണ്ടുപോകുന്ന സാഹചര്യത്തിൽ വനംമന്ത്രി നേരിട്ട് ഇടപെടണമെന്ന് കർഷക കോൺഗ്രസ് കൂടരഞ്ഞി മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.
പ്രദേശങ്ങളിലെ ജനങ്ങൾ വളരെയേറെ ഭീതിയിലാണ് കഴിയുന്നത്. കഴിഞ്ഞദിവസം പൈക്കാട്ട് ഗ്രേസിയുടെ കൺമുന്നിൽ നിന്നും സ്വന്തം വളർത്തുമൃഗങ്ങളെ പിടിച്ചു കൊണ്ടുപോയത് കടുവയാണന്ന് ഗ്രേസി തറപ്പിച്ചു പറഞ്ഞിട്ടും സംഭവ സ്ഥലത്തെത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥർ പരിഹസിക്കുകയാണ് ചെയ്തതെന്നും വനംമന്ത്രി എ.കെ. ശശീന്ദ്രൻ നേരിട്ട് സ്ഥലം സന്ദർശിച്ച് നടപടിയെടുക്കണമെന്നും അല്ലാത്തപക്ഷം ശക്തമായ സമരപരിപാടികളുമായി കർഷക കോൺഗ്രസ് മുന്നോട്ട് വരുമെന്നും നേതാക്കൾ പറഞ്ഞു.
ജില്ലാ പഞ്ചായത്ത് അംഗവും കർഷക കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിയുമായ ബോസ് ജേക്കബ്, കർഷക കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് ഷിജു ചെമ്പനാനി, മണ്ഡലം പ്രസിഡന്റ് അനീഷ് പനിച്ചിയിൽ, ജില്ലാ സെക്രട്ടറി ജോർജ് വലിയകട്ടയിൽ, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് മുഹമ്മദ് പാതിപ്പറമ്പിൽ, ഷിബു തോട്ടത്തിൽ എന്നിവരടങ്ങുന്ന സംഘം സംഭവസ്ഥലം സന്ദർശിച്ചു.