ബേപ്പൂര്‍ അന്താരാഷ്ട്ര വാട്ടര്‍ ഫെസ്റ്റിവല്‍ 27ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
1488518
Friday, December 20, 2024 6:05 AM IST
കോഴിക്കോട്: ബേപ്പൂര്‍ അന്താരാഷ്ട്ര വാട്ടര്‍ ഫെസ്റ്റിന്റെ ഉദ്ഘാടനം 27ന് വൈകിട്ട് ആറിന് മുഖ്യമന്ത്രി പിണറായി വിജയന് നിര്‍വഹിക്കും. എം.കെ. രാഘവന് എംപി, മേയര്‍ ഡോ.ബീനാ ഫിലിപ്പ് എന്നിവര്‍ വിശിഷ്ടാതിഥികളാകും. സിനിമ സംവിധായകനും നടനുമായ ബേസില്‍ ജോസഫ് മുഖ്യാതിഥിയായി പങ്കെടുക്കുമെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ഫെസ്റ്റിന് 29ന് കൊടിയിറങ്ങും. വേദിയില്‍ ഉയര്‍ത്താനുള്ള പതാക കോഴിക്കോട് ബീച്ചില്‍നിന്നു സൈക്ലിംഗിലൂടെ ബേപ്പൂര്‍ ബീച്ചിലെത്തിക്കും. ഗായകനും സംവിധായകനുമായ വിനീത് ശ്രീനിവാസന് നയിക്കുന്ന ലൈവ് മ്യൂസിക് ഷോയും ഉദ്ഘാടന ദിനം അരങ്ങേറും.
ബേപ്പൂര്‍ ഫെസ്റ്റിന്റെ ഭാഗമായി മലബാറിലേക്ക് കൂടുതല്‍ സഞ്ചാരികളെ ആകര്‍ഷിക്കാനായതായി മന്ത്രി പറഞ്ഞു. സാഹസിക ജലകായിക മത്സരങ്ങളുടെ ഭൂപടത്തില്‍ കേരളത്തിന് ഇടം നേടിക്കൊടുക്കാനും ഫെസ്റ്റിനായി. കേരളത്തിലെ വിനോദ സഞ്ചാരമേഖലയ്ക്ക് കരുത്തു പകരുന്നതാണ് മലബാര്‍ ടൂറിസം വികസനം. അതിന്റെ ഭാഗമായാണ് മനോഹരമായ ബീച്ചുകളുള്ള ബേപ്പൂരില്‍ ജലകായിക മത്സരങ്ങള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ട് അന്താരാഷ്ട്ര നിലവാരത്തില്‍ വാട്ടര്‍ ഫെസ്റ്റിവല്‍ നടത്താന്‍ തീരുമാനമെടുത്തത്.
ഫെസ്റ്റിന്റെ പ്രധാന ആകര്‍ഷണങ്ങളിലൊന്നായ ഭക്ഷ്യമേള 25 മുതല്‍ 31 വരെ നടക്കും. ഭക്ഷ്യമേളയുടെ ഉദ്ഘാടനം സ്പീക്കര്‍ എഎന്‍ ഷംസീര്‍ നിര്‍വഹിക്കും. ബേപ്പൂര്‍ ബീച്ച്, ചാലിയം ബീച്ച്, നല്ലൂര് മിനി സ്റ്റേഡിയം എന്നീ വേദികളില്‍ മൂന്ന് ദിവസങ്ങളിലായി സാംസ്കാരിക പരിപാടികള്‍ അരങ്ങേറും. 28, 29 തീയതികളില്‍ ഡ്രോണ്‍ ലൈറ്റ് ഷോ ആകാശത്ത് വിസ്മയം തീര്‍ക്കും.
വാട്ടര്‍ ഫെസ്റ്റിന്റെ ഭാഗമായി സര്‍ഫിംഗ്, സെയിലിംഗ്, കനോയിംഗ്, ഇന്റര്‍നാഷണല്‍ കൈറ്റ് ഫെസ്റ്റ്, പാരാമോട്ടോറിംഗ്, ഫ്ളൈ ബോര്‍ഡ്, കയാക്കിംഗ്, സ്റ്റാൻഡ് അപ്പ് പാഡിംഗ് റേസ് ഡിങ്കി ബോട്ട് റേസ്, വലവീശല്‍, ഫ്ളൈ ബോര്‍ഡ് ഡെമോണ്സ്ട്രേഷന്, ട്രഷര്‍ ഹണ്ട്, കണ്ട്രി ബോട്ട് റേസ്, ചൂണ്ടയിടല്‍, നേവി - കോസ്റ്റ്ഗാര്‍ഡ് ഷിപ്പ് വിസിറ്റ്, നേവി ബാന്‍ഡ്, നേവി സെര്‍ച്ച് ആന്‍ഡ് റെസ്ക്യൂ ഡെമോണ്സ്ട്രേഷന് തുടങ്ങി നിരവധി ജല- സാഹസിക പരിപാടികള്‍ സംഘടിപ്പിക്കും.
ഫെസ്റ്റിനോടനുബന്ധിച്ച് 27ന് ബിസിനസ് ടു ബിസിനസ് (ബി2ബി) മീറ്റ് കോഴിക്കോട് കടവ് റിസോര്‍ട്ടില്‍ സംഘടിപ്പിക്കും. 27 മുതല്‍ 29വരെ ബേപ്പൂര്‍, നല്ലൂര്, ചാലിയം ബീച്ച് എന്നീ വേദികളില്‍ പ്രശസ്ത കലാകാരന്മാര് അണിനിരക്കുന്ന സംഗീത വിരുന്ന്, മ്യൂസിക്കല്‍ ബാന്‍ഡ് എന്നിവയും അരങ്ങേറും. ഫറോക്കിലെ നല്ലൂരില്‍ എക്സിബിഷന് സംഘടിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു. 29ന് സമാപന സമ്മേളനം മന്ത്രി സജി ചെറിയാന് ഉദ്ഘാടനം ചെയ്യും. വാര്‍ത്താസമ്മേളനത്തില്‍ മേയര്‍ ഡോ. ബീനാ ഫിലിപ്പ്, ജില്ല കളക്ടര്‍ സ്നേഹില്‍ കുമാര്‍ സിംഗ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.കെ. ശൈലജ, കെടിഐഎല്‍ ചെയര്മാന് എസ്.കെ.സജീഷ് എന്നിവരും സംബന്ധിച്ചു.