മാനാഞ്ചിറയില്‍ ഇനി രാത്രിയും കളിയാരവം
1488820
Saturday, December 21, 2024 5:17 AM IST
കോഴിക്കോട്: മാനാഞ്ചിറയിൽ ഇനി പകൽ സമയങ്ങളിൽ മാത്രമല്ല രാത്രിയിലും കളിയാരവം ഉയരും. ജില്ലാ സ്പോർട്സ് കൗൺസിലിന്റെ ബാസ്ക്കറ്റ് ബോൾ ഗ്രൗണ്ടിൽ ഫ്ലഡ്ലിറ്റ് സംവിധാനമൊരുങ്ങി. ഇനി ബാസ്കറ്റ് ബോളിന് മാത്രമല്ല കബഡി, കളരിപ്പയറ്റ് തുടങ്ങിയവക്കും ഇവിടം വേദിയാകും.
ജില്ലയിൽ മറ്റൊരിടത്തും പൊതുഇടങ്ങളിൽ ഇതുപോലൊരു ബാസ്ക്കറ്റ്ബോൾ കോർട്ടില്ല. നിലവിൽ സംസ്ഥാന സ്കൂൾ ചാമ്പ്യൻഷിപ്പ്, ജില്ലാ ചാമ്പ്യൻഷിപ്പ്, സ്കൂൾതല മത്സരങ്ങൾക്കാണ് മാനാഞ്ചിറ വേദിയായിരുന്നത്. ഫ്ലഡ്ലിറ്റ് വരുന്നതോടെ ദേശീയ, അന്തർദേശീയ മത്സരങ്ങളും നടത്താനാകും.
ഫ്ലഡ്ലിറ്റ് അഹമ്മദ് ദേവർകോവിൽ എംഎൽഎ നാടിന് സമര്‍പ്പിച്ചു. ഉദ്ഘാടനശേഷം പ്രദർശനമത്സരവും നടന്നു. എംഎൽഎയുടെ തനതു ഫണ്ടിൽനിന്ന് 15,71,993 രൂപ ചെലവിട്ടാണ് കോർട്ടിന് ഇരുവശവും ആറ് ബൾബുകൾ വീതമുള്ള നാല് ഫ്ലഡ്ലിറ്റുകൾ നിർമിച്ചത്. ഓരോ ബൾബും 200 വോൾട്ടിന്റേതാണ്. ഒരു മണിക്കൂർ പ്രവർത്തിപ്പിക്കാൻ 4.8 യൂണിറ്റ് വൈദ്യുതിയാണ് ചെലവാക്കുന്നത്.
ഈ ഗ്രൗണ്ടിലാണ് ജില്ലാ സ്പോർട്സ് കൗൺസിൽ ബാസ്ക്കറ്റ് ബോൾ കോച്ചിംഗ് ക്യാമ്പ് നടത്തുന്നത്. അഞ്ചുവയസിനും 15നും ഇടയിലുള്ള കുട്ടികൾക്കാണ് ക്യാമ്പ്. പുതിയ സംവിധാനമായതോടെ കുട്ടികൾക്ക് പരിശീലനത്തിന് കൂടുതൽ സമയവും മികച്ച കളികൾ കാണാനുള്ള അവസരവുമേറും.
24ന് ജില്ലാ കേരളോത്സവത്തിന്റെ ഭാഗമായ കളരിപ്പയറ്റിനും മാനാഞ്ചിറ വേദിയാകും. രാത്രി എട്ടുവരെയാണ് മാനാഞ്ചിറയിൽ പ്രവേശനം അനുവദിക്കുന്നത്. സമയം ദീർഘിപ്പിക്കാൻ സ്പോർട്സ് കൗൺസിൽ കോർപറേഷൻ അധികൃതരെ സമീപിക്കും.