ചക്കിട്ടപാറ ടീച്ചേഴ്സ് എഡ്യൂക്കേഷൻ സെന്ററിൽ വൈദ്യുതി പുനഃസ്ഥാപിച്ചു
1488315
Thursday, December 19, 2024 6:50 AM IST
രാജൻ വർക്കി
പേരാമ്പ്ര: വൈദ്യുതി ചാർജ് അടയ്ക്കാത്തതിനാൽ ചൊവ്വാഴ്ച രാവിലെ പത്തിന് വിഛേദിച്ച ചക്കിട്ടപാറ ടീച്ചേഴ്സ് എജ്യുക്കേഷൻ സെന്ററിലെ വൈദ്യുതി ഇന്നലെ രാവിലെ പത്തോടെ ചക്കിട്ടപാറ കെഎസ്ഇബി സെക്ഷൻ ഓഫീസ് അധികൃതർ പുനഃസ്ഥാപിച്ചു. വൈദ്യുതി വിഛേദിച്ച കാര്യം ദീപികയിൽ വാർത്തയായതോടെയാണ് പണം അടക്കാതെ തന്നെ വിദ്യാഭ്യാസ സ്ഥാപനത്തിൽ വൈദ്യുതി എത്തിയത്.
കുടിശിക ബിൽ തുക 2,80,783 രൂപയാണ്. ഇത് അടക്കാൻ യൂണിവേഴ്സിറ്റി അധികൃതർ 10 ദിവസം സാവകാശം അഭ്യർത്ഥിച്ച് ഇതിനിടയിൽ കത്ത് നൽകിയത് കെഎസ്ഇബി സ്വീകരിച്ചിട്ടുണ്ട്. കുട്ടികൾക്ക് ബുദ്ധിമുട്ടുണ്ടാകരുതെന്ന് കരുതിയാണിത്. അതേ സമയം അനുവദിച്ച സമയത്തിനുള്ളിൽ ബിൽ തുക അടച്ചിട്ടില്ലെങ്കിൽ പത്ത് ദിവസം കഴിഞ്ഞ് ഏത് സമയത്ത് വേണമെങ്കിലും ഫ്യൂസ് ഊരുമെന്ന് വ്യക്തമാക്കിയിട്ടുമുണ്ട്. കെഎസ്ഇബിയുടെ നിലപാട് കുട്ടികൾക്ക് ആശ്വാസമായി. ഇന്ന് സെന്ററിൽ നടത്താൻ നിശ്ചയിച്ചിരുന്ന ക്രിസ്മസ് ആഘോഷം വൈദ്യുതിയില്ലാതെ നടത്തേണ്ടി വരുമോയെന്ന ആശങ്കയിലായിരുന്നു അവർ.
റീജണൽ അക്കൗണ്ട് ഓഫ് ഓഡിറ്റിലാണ് ചക്കിട്ടപാറ ബിഎഡ് സെന്റർ സ്വാശ്രയ സംവിധാനത്തിലാണ് പ്രവർത്തിക്കുന്നതെന്ന തിരിച്ചറിവ് കെഎസ്ഇബിക്കുണ്ടായത്. സർക്കാർ വിദ്യാഭ്യാസ സ്ഥാപനത്തിനും സ്വാശ്രയ സ്ഥാപനത്തിനും വൈദ്യുതി ഉപയോഗ സ്ലാബ് വ്യത്യസ്തമാണ്. ഇതിന്റെ അടിസ്ഥാനത്തിൽ നൽകിയ ബില്ലാണ് പ്രശ്നമായത്.
യൂണിവേഴ്സിറ്റി ഇതിനെതിരേ നിയമ വഴി തേടിയെങ്കിലും അനുകൂല തീർപ്പ് ഇതുവരെ ഉണ്ടായിട്ടില്ല. ബിഎഡ്, ബിപിഎഡ് കോഴ്സുകളിലായി 250 വിദ്യാർഥികൾ ചക്കിട്ടപാറ സെന്ററിൽ പഠിക്കുന്നുണ്ട്. 15 ഓളം ജീവനക്കാരുമുണ്ട്. വൈദ്യുതി കണക്ഷൻ വിച്ഛേദിച്ചാൽ ഇവരുടെ പഠനത്തെയും ദൈനം ദിന പ്രവർത്തനങ്ങളെയും പ്രതികൂലമായി ബാധിക്കുമെന്നതിൽ സംശയമില്ല.