ക്രിസ്മസ്-ന്യൂഇയര്‍ പരിശോധന: ലൈസന്‍സ് ഇല്ലാത്ത ഒമ്പത് സ്ഥാപനങ്ങള്‍ പൂട്ടിച്ചു
1488517
Friday, December 20, 2024 6:05 AM IST
കോഴിക്കോട്: ക്രിസ്മസ്- ന്യൂ ഇയര്‍ ആഘോഷത്തിന്റെ ഭാഗമായി ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയ പരിശോധനയില്‍ ലൈസന്‍സ് ഇല്ലാത്തതും ലൈസന്‍സ് യഥാസമയം പുതുക്കാത്തതുമായ ഒമ്പതു സ്ഥാപനങ്ങള്‍ അടപ്പിച്ചു. ഭക്ഷ്യസുരക്ഷാ നിയമം കര്‍ശനമായി നടപ്പിലാക്കുന്നതിന്റെ ഭാഗമായിട്ടാണ് ലൈസന്‍സ് ഇല്ലാത്ത ഏഴു സ്ഥാപനങ്ങളും ലൈസന്‍സ് പുതുക്കാത്ത രണ്ടു സ്ഥാപനങ്ങളും പൂട്ടിച്ചത്.
ലൈസന്‍സ് എടുക്കണമെന്നും പുതുക്കണമെന്നും പലതവണ അറിയിപ്പ് നല്‍കിയിട്ടും അവ പുതുക്കാത്തതും എടുക്കാത്തതുമായ സ്ഥാപനങ്ങള്‍ക്കെതിരേയാണ് നടപടി.
പഴം,പച്ചക്കറി, പലചരക്ക് സാധനങ്ങള്‍ എന്നിവയെല്ലാം വില്‍ക്കുന്നതിന് ലൈസന്‍സ് ആവശ്യമാണ്. മത്സ്യ വിതരണം നടത്തുന്ന വാഹനങ്ങള്‍, മെഡിക്കല്‍ ഷോപ്പുകള്‍, തട്ടുകടകള്‍ എന്നിവയെല്ലാം രജിസ്ട്രേഷന് എടുക്കേണ്ടതാണ്.
ഭക്ഷ്യസുരക്ഷാ ലൈസന്‍സ് ഇല്ലാതെ ഭക്ഷ്യവസ്തുക്കള്‍ വില്‍പ്പന നടത്തുന്നത് 10 ലക്ഷം രൂപ വരെ പിഴ ലഭിക്കാവുന്ന കുറ്റമാണെന്ന് അസി. കമ്മിഷണര്‍ എ. സക്കീര്‍ ഹുസൈന് അറിയിച്ചു. ക്രിസ്മസ് -ന്യൂ ഇയര്‍ പ്രമാണിച്ച് ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിന് വേണ്ടി ബേക്കറികള്‍, ഹോട്ടലുകള്‍ തുടങ്ങിയ സ്ഥാപനങ്ങള്‍ പരിശോധിച്ചു ഭക്ഷ്യവസ്തുക്കള്‍ സാമ്പിള്‍ ശേഖരിച്ച് ലാബിലേക്ക് അയച്ചിട്ടുണ്ട്. ക്രിസ്മസിന് കൂടുതലായി ഉപയോഗിക്കുന്ന കേക്ക്, മധുര മധുരപലഹാരങ്ങള്‍, വൈനുകള്‍ എന്നിവയുടെ സാമ്പിളുകളാണ് കുടുതലായും ശേഖരിച്ചത്. ലാബ് റിപ്പോര്‍ട്ട് വരുന്ന മുറയ്ക്ക് നിലവാരം ഇല്ലാത്തവക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
പരിശോധനയില്‍ ചെറിയ ന്യൂനതകള്‍ കണ്ടെത്തിയ സ്ഥാപനങ്ങള്‍ക്ക് അവ പരിഹരിക്കുന്നതിനും മറ്റ് വലിയ ന്യൂനതകള്‍ കണ്ടെത്തിയ സ്ഥാപനങ്ങള്‍ക്ക് ഫൈന്‍ അടയ്ക്കുന്നതിനും നോട്ടീസ് നല്കി.
ഭക്ഷ്യവസ്തുക്കളില്‍ കൃത്രിമ നിറങ്ങളും പ്രിസര്‍വേറ്റീവ്സും ചേര്‍ക്കുന്നതിന് കര്‍ശനമായ നിയന്ത്രണങ്ങള്‍ ഉണ്ട്. കേക്കുകളില്‍ ബെന്‍സോയിക് ആസിഡ്, സോര്‍ബിക് ആസിഡ് മുതലായവ ഒരു കിലോഗ്രാമില്‍ ഒരു ഗ്രാമില്‍ കുറച്ച് മാത്രമേ ചേര്‍ക്കാന്‍ പാടുള്ളൂ എന്ന് ഭക്ഷ്യസുരക്ഷ വകുപ്പ് അറിയിച്ചു. കൃത്രിമ നിറം ചേര്‍ക്കുന്നതിനും കര്‍ശന നിയന്ത്രണം ഉണ്ട്.