യാത്രാക്കൂലി ചോദിച്ചതിന് ഓട്ടോ ഡ്രൈവറെ യാത്രക്കാരൻ മർദിച്ചു
1488310
Thursday, December 19, 2024 6:50 AM IST
തിരുവമ്പാടി: യാത്രാക്കൂലി ചോദിച്ചതിന് ഓട്ടോ ഡ്രൈവറെ യാത്രക്കാരൻ മർദിച്ച സംഭവത്തിൽ തിരുവമ്പാടി പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. പാമ്പിഴഞ്ഞപാറ സ്വദേശി ഷാഹുൽ ഹമീദിനാണ് പരിക്കേറ്റത്. തിങ്കാളാഴ്ച രാത്രി പത്തോടെയാണ് സംഭവം. തിരുവമ്പാടി ഓട്ടോ സ്റ്റാൻഡിൽ വച്ച് ഒരാൾ ഷാഹുൽ ഹമീദിന്റെ ഓട്ടോയിൽ കയറി. കൂടരഞ്ഞിയിലേക്കായിരുന്നു യാത്ര.
കൂടരഞ്ഞിയിലെത്തിയപ്പോൾ യാത്രക്കാരൻ ഓട്ടോറിക്ഷയിൽനിന്നും ഇറങ്ങാതെ ഉറങ്ങുകയായിരുന്നു. ഇതോടെ തട്ടിവിളിച്ചു. കൂടരഞ്ഞിയെത്തിയെന്നും അറിയിച്ചു. ഇതോടെ വണ്ടി തിരിച്ച് വിടാൻ യാത്രക്കാരൻ പറഞ്ഞു. തിരികെ വരുന്നതിനിടെ കരിങ്കുറ്റിയെത്തിയപ്പോൾ വണ്ടി നിർത്താൻ പറഞ്ഞു. വണ്ടിനിർത്തി പൈസ ചോദിച്ചു. 120 രൂപയാണെന്ന് പറഞ്ഞു. അതോടെ നിനക്കെന്നെ അറിയുമോ എന്ന് ചോദിച്ചു വണ്ടിയിൽ നിന്നും പുറത്തേക്കിട്ട് മർദിക്കുകയായിരുന്നു.
ശബ്ദം കേട്ട് സമീപത്തുള്ളവർ എത്തുമ്പോഴേക്കും പ്രതി മുങ്ങിയിരുന്നു. പരിസരത്തെല്ലാം തെരഞ്ഞെങ്കിലും ആളെ കണ്ടെത്താനായില്ല. മുണ്ടും നീല ഷർട്ടുമാണ് യാത്രക്കാൻ ധരിച്ചിരുന്നതെന്ന് ഷാഹുൽ ഹമീദ് പറഞ്ഞു. പ്രതിയുടെ മർദനത്തിൽ ഷാഹുൽ ഹമീദിന്റെ കൈക്ക് പൊട്ടലുണ്ട്. പ്രദേശത്ത് സിസിടിവി ഉൾപ്പെടെ കേന്ദ്രീകരിച്ചാണ് അന്വേഷണം.