"വനനിയമ ഭേദഗതി കരിനിയമം നടപ്പിലാക്കാൻ അനുവദിക്കില്ല'
1488822
Saturday, December 21, 2024 5:17 AM IST
കോഴിക്കോട്: വനനിയമത്തിന് കൊണ്ടുവന്ന കരട് ഭേദഗതി നിർദേശങ്ങൾ ജനവിരുദ്ധമാണെന്നും അത് നടപ്പിലാക്കാൻ അനുവദിക്കില്ലെന്നും കേരളാ കോൺഗ്രസ്- എം ജില്ലാ പ്രസിഡന്റ് ടി.എം. ജോസഫ് അഭിപ്രായപ്പെട്ടു. കോഴിക്കോട് ഗാന്ധിഗൃഹത്തിൽ നടന്ന കേരളാ കോൺഗ്രസ്- എം ജില്ലാ നേതൃസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജനാധിപത്യ സംവിധാനത്തിൽ ജനപ്രതിനിധികളെ കമ്പളിപ്പിച്ച് നിയമനിർമാണത്തിൽ അവിഹിതമായി ഇപെടുന്ന ഉദ്യോഗസ്ഥലോബിയെ നിലക്കുനിർത്താൻ സർക്കാർ തയാറാകണം. കാർബൺഫണ്ട് ലഭ്യമാക്കുന്നതിന് അന്താരാഷ്ട്ര ലോബിക്കുവേണ്ടി പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥരുടെ സ്വത്തുവിവരം രഹസ്യാന്വേഷണ വിഭാഗത്തെകൊണ്ട് അന്വേഷിപ്പിക്കണം.
ഗൂഢാലോചനയിൽ പങ്കാളികളാകുന്നവരെ മാതൃകാപരമായി ശിക്ഷിച്ച് ജനങ്ങളുടെ സമാധാന പൂർണമായ ജീവിതം ഉറപ്പു വരുത്താൻ സർക്കാർ തയാറാകണമെന്നും അദ്ദേഹം പറഞ്ഞു. കെ.എം. പോൾസൺ അധ്യക്ഷത വഹിച്ചു. ബോബി മൂക്കൻതോട്ടം, വിനോദ് കിഴക്കയിൽ, സുരേന്ദ്രൻ പാലേരി, റുക്കിയബീവി, പൃഥ്വിരാജ് എന്നിവർ പ്രസംഗിച്ചു.