ഗവ. ആയുർവേദ, ഹോമിയോ ഡിസ്പെൻസറികൾ പുരോഗതിയിലേക്ക്
1488312
Thursday, December 19, 2024 6:50 AM IST
താമരശേരി: കട്ടിപ്പാറ പഞ്ചായത്ത് ഗവ. ആയുർവേദ ഡിസ്പെൻസറി, താമരശേരി ഗവ. ഹോമിയോ ഡിസ്പെൻസറി, ഓമശേരി ഗവ. ഹോമിയോ ഡിസ്പെൻസറി എന്നിവ വീണ്ടും പുരോഗതിയുടെ നാളുകളിലേക്ക്. കട്ടിപ്പാറ ഗവ. ആയുർവേദ ഡിസ്പെൻസറിയിൽ ആയുഷ് മിഷന്റെ 30 ലക്ഷം ഫണ്ട് വിനിയോഗിച്ച് നടപ്പിലാക്കുന്ന കെട്ടിട നവീകരണ, യോഗ ഹാൾ നിർമാണ പ്രവൃത്തിയുടെ ഉദ്ഘാടനം മന്ത്രി വീണ ജോർജ് ഓൺലൈനായി നിർവഹിച്ചു.
ഓൺലൈനായി ചടങ്ങിൽ പങ്കെടുത്ത ഡോ. എം.കെ. മുനീർ എംഎൽഎ അധ്യക്ഷത വഹിച്ചു. ഇതോടൊപ്പം താമരശേരി, ഓമശേരി പഞ്ചായത്തുകളിലെ ഹോമിയോ ഡിസ്പെൻസറികളുടെ എൻഎബിഎച്ച് ലെവൽ സൗകര്യത്തോടെ നിർമിക്കുന്ന കെട്ടിടനിർമാണ പ്രവൃത്തികളുടെ ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു.
ചടങ്ങിൽ കട്ടിപ്പാറ പഞ്ചായത്ത് പ്രസിഡന്റ് പ്രേംജി ജെയിംസ്, താമരശേരി പഞ്ചായത്ത് പ്രസിഡന്റ് എ. അരവിന്ദൻ, വൈസ് പ്രസിഡന്റുമാരായ സാജിത ഇസ്മായിൽ, സൗദ ബീവി, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാരായ അഷ്റഫ് പൂലോട്, അബൂബക്കർ കുട്ടി, ബേബി രവീന്ദ്രൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം നിധീഷ് കല്ലുള്ളതോട് തുടങ്ങിയവർ പ്രസംഗിച്ചു.