അവധിക്കാല യാത്രക്കാരെ ദുരിതത്തിലാക്കി കെഎസ്ആർടിസിയുടെ പുതിയ പരിഷ്കാരം
1488520
Friday, December 20, 2024 6:05 AM IST
മുക്കം: ക്രിസ്മസ്, പുതുവത്സര അവധി അടുത്തിരിക്കെ യാത്രക്കാരെ ദുരിതത്തിലാക്കി കെഎസ്ആർടിസിയുടെ പുതിയ പരിഷ്കാരം. ഒരു കിലോമീറ്റർ 35 രൂപയെങ്കിലും വരുമാനമില്ലാത്ത സർവീസുകൾ നിർത്തലാക്കാനുള്ള തീരുമാനമാണ് യാത്രക്കാർക്ക് ദുരിതമാകുന്നത്. നിരവധി യാത്രക്കാർ ആശ്രയിക്കുന്ന ജില്ലയിലെ വിവിധ സർവീസുകളെയാണ് ഇത് ബാധിക്കുക. യാത്രക്കാരുടെ കൂട്ടായ്മകൾ ഇടപെട്ടതിനെ തുടർന്നാണ് കോവിഡിനെ തുടർന്ന് നിർത്തിവച്ചിരുന്ന താമരശേരി- പെരിന്തൽമണ്ണ റൂട്ടിൽ കെഎസ്ആർടിസി ബസുകൾ സർവീസ് പുനരാരംഭിച്ചത്. എന്നാൽ, പുതിയ പരിഷ്കരണം മൂലം പുതുതായി തുടങ്ങിയ സർവീസുകൾ പോലും നിർത്തിവെക്കാൻ കാരണമാകുന്നതായി യാത്രക്കാർ ആരോപിക്കുന്നു.
വടകര ഡിപ്പോയിൽനിന്ന് ഒരു മാസം മുൻപ് ആരംഭിച്ച വടകര- കൊയിലാണ്ടി- ബാലുശേരി- താമരശേരി- മുക്കം- അരീക്കോട്- മഞ്ചേരി- റൂട്ട് വഴി പാലക്കാടേക്കുള്ള 02.50 ന്റെ വടകര -പാലക്കാട് സർവീസ്, പെരിന്തൽമണ്ണ വഴിയുള്ള മറ്റൊരു സർവീസ്, 04.50ന്റെ മേലാറ്റൂർ വഴിയുള്ള വടകര- പാലക്കാട് സർവീസ് എന്നിവ പരിഷ്കാരത്തിന്റെ ഭാഗമായി നിർത്തിവച്ചു. കെഎസ്ആർടിസി ഇല്ലാത്ത റൂട്ടിലൂടെ ആരംഭിച്ച വടകര ഡിപ്പോയുടെ പുതിയ സർവീസുകൾക്ക് പരിഷ്കാരം വലിയ തിരിച്ചടിയാണ് നൽകിയത്.
ഉള്ളിയേരി- ബാലുശേരി- താമരശേരി റൂട്ടിലുള്ളവർക്ക് മുക്കം, അരീക്കോട്, മഞ്ചേരി എന്നിവിടങ്ങളിൽ എത്തിച്ചേരാനും തിരിച്ചുമുള്ള സർവീസുകളാണ് ഇതുമൂലം യാത്രക്കാർക്ക് നഷ്ടമായത്. അതേപോലെ താമരശേരി- പെരിന്തൽമണ്ണ റൂട്ടിൽ മണ്ണാർക്കാട് ഡിപ്പോ പുതുതായി ആരംഭിച്ച 06.20 മണ്ണാർക്കാട്– മാനന്തവാടി സർവീസ്, താമരശേരി ഡിപ്പോയുടെ 07.35 നുള്ള താമരശേരി– എറണാകുളം സർവീസ്, ബത്തേരി ഡിപ്പോയുടെ 05.55 ന്റെ സുൽത്താൻ ബത്തേരി- തൃശൂർ സർവീസ് എന്നിവയൊന്നും ഒരു മാസമായി ഓടുന്നില്ല.
താമരശേരി ഡിപ്പോയിൽ നിന്ന് അതി രാവിലെയുള്ള പാണ്ടിക്കാട്- മേലാറ്റൂർ വഴി പാലക്കാട്ടേക്കുള്ള സർവീസും താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്. കൊട്ടാരക്കരയിൽ നിന്ന് പെരിന്തൽമണ്ണ- താമരശേരി റൂട്ടിൽ ഓടുന്ന ബത്തേരി എസ്ഡിഎൽഎക്സ് സർവീസ് മറ്റു മേഖലയിൽ ഓടാൻ വേണ്ടി കാൻസൽ ചെയ്തു.
ക്രിസ്മസ്, പുതുവർഷ അവധികൾ തുടങ്ങാനിരിക്കെ ഇത്രയും സർവീസുകൾ നിർത്തിവയ്ക്കുന്നത് യാത്രക്കാരെ വലിയ ദുരിതത്തിലാക്കും. ജനങ്ങൾ ഈ സർവീസുകളെ കുറിച്ച് അറിയാത്തത് മൂലമാണ് കെഎസ്ആർടിസിക്ക് നഷ്ടത്തിൽ ഓടേണ്ടി വരുന്നതെന്നും ജനപ്രതിനിധികളുടെയും യാത്രക്കാരുടെ കൂട്ടായ്മകളുടെയും നേതൃത്വത്തിൽ സർവീസുകൾ പുനരാരംഭിക്കാൻ ആവശ്യമായി നടപടികൾ സ്വീകരിക്കണമെന്നും യാത്രക്കാർ ആവശ്യപ്പെടുന്നു.