കുടുംബാരോഗ്യ കേന്ദ്രത്തിലെ ലാബ് പൂട്ടി; രോഗികൾ വലയുന്നു
1488826
Saturday, December 21, 2024 5:17 AM IST
പെരുവണ്ണാമൂഴി: ചക്കിട്ടപാറ പഞ്ചായത്തിലെ പെരുവണ്ണാമൂഴി കുടുംബാരോഗ്യ കേന്ദ്രത്തിലെ മെഡിക്കൽ ലാബ് പൂട്ടി. വൈദ്യുതി പ്രശ്നം കാരണം മെഷീനുകൾ തകരാറിലാകുന്നതാണ് കാരണം. സിംഗിൾ ഫേസ് വൈദ്യുതി ലൈനാണ് ആശുപത്രിയിൽ നിലവിലുള്ളത്. ലാബിലെ പല ഉപകരണങ്ങളും പ്രവർത്തിപ്പിക്കാൻ വൈദ്യുതി പോരാതെ വന്നു.
ആശുപത്രിയിൽ ത്രീ ഫേസ് ലൈൻ വേണമെന്ന് ആവശ്യമുയർന്നതിന്റെ അടിസ്ഥാനത്തിൽ ഹോസ്പിറ്റൽ മാനേജ്മെന്റ് കമ്മിറ്റി ഇതിനുള്ള തീരുമാനമെടുത്ത് ചക്കിട്ടപാറ കെഎസ്ഇബിക്ക് അപേക്ഷ നൽകി. സിംഗിൾ ഫേസിനു പകരം ത്രീ ഫേസ് ലൈൻ സ്ഥാപിക്കുന്നതിനുള്ള പണം കെഎസ്ഇബിക്ക് അടയ്ക്കണം.
ഭീമമായ തുകയാണിതെന്നാണ് സൂചന. പണം അടയ്ക്കാത്തതിനാൽ ത്രീ ഫേസ് ലൈൻ സ്ഥാപിക്കുന്ന പണി ആരംഭിച്ചിട്ടില്ല. ഇതോടെ ആശുപത്രി ലാബിനു താഴ് വീണു. ടെക്നീഷ്യൻമാർക്കും പണി പോയി. ജീവിതശൈലി ഉൾപ്പെടെ വിവിധ രോഗങ്ങളാൽ വലയുന്ന പാവപ്പെട്ട രോഗികളുടെ ആശ്രയമായിരുന്നു പെരുവണ്ണാമൂഴി കുടുംബാരോഗ്യ കേന്ദ്രത്തിലെ മെഡിക്കൽ ലാബ്. ചക്കിട്ടപാറ കെഎസ്ഇബി സെക്ഷൻ ഓഫീസ് കനിഞ്ഞ് ആശുപത്രിക്ക് ആവശ്യമായ വൈദ്യുതി നൽകാൻ നടപടി സ്വീകരിക്കണമെന്നാണ് പാവപ്പെട്ട രോഗികൾ ആവശ്യപ്പെടുന്നത്.