ക്ഷയരോഗ നിര്‍മാര്‍ജനം: പ്രചാരണ പരിപാടികള്‍ക്ക് തുടക്കം
1488523
Friday, December 20, 2024 6:05 AM IST
കോഴിക്കോട്: ദേശീയ ക്ഷയരോഗ നിര്‍മാര്‍ജന പരിപാടിയുടെ ഭാഗമായി രാജ്യത്ത് നടപ്പിലാക്കുന്ന നൂറു ദിന ക്ഷയരോഗ നിര്‍മാര്‍ജന, ബോധവത്കരണ പരിപാടികളുടെ ജില്ലാതല ഉദ്ഘാടനം തോട്ടത്തില്‍ രവീന്ദ്രന് എംഎല്‍എ നിര്‍വഹിച്ചു.
കൃത്യമായ ചികിത്സയിലൂടെ മാറ്റിയെടുക്കാന്‍ പറ്റുന്ന അസുഖമാണ് ക്ഷയരോഗമെന്ന് എംഎല്‍എ പറഞ്ഞു. ക്ഷയരോഗ പരിശോധനയും ചികിത്സയും എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും സൗജന്യമാണെന്നും അദ്ദേഹം പറഞ്ഞു. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിപാടിയില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. പി. ഗവാസ് അധ്യക്ഷത വഹിച്ചു. സബ് കളക്ടര്‍ ഹര്‍ഷില്‍ ആര്. മീണ മുഖ്യപ്രഭാഷണം നടത്തി. ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. സി.കെ. ഷാജി, അഡിഷണല്‍ ഡിഎംഒ ഡോ. എ.പി. ദിനേശ് കുമാര്‍, ജില്ലാ ടിബി ഓഫീസര്‍ ഡോ. കെ.വി. സ്വപ്ന, ജില്ലയിലെ തദ്ദേശ സ്ഥാപന പ്രസിഡന്റുമാര്‍, ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി അധ്യക്ഷര്‍, സെക്രട്ടറിമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ഉദ്ഘാടന ചടങ്ങിനോടനുബന്ധിച്ച് ജില്ലാ ടിബി ഫോറം രൂപീകരണവും ജനപ്രതിനിധികള്‍ക്കും ഉദ്യോഗസ്ഥര്‍ക്കുമുള്ള ടിബി പരിശീലന പരിപാടിയും നടന്നു. ജില്ലാ ടിബി കേന്ദ്രം കണ്‍സള്‍ടന്റ് ഡോ. സി.എ. ജലജാമണി പരിശീലന പരിപാടിക്ക് നേതൃത്വം നല്കി. തുടര്‍ന്ന് തദ്ദേശ സ്ഥാപന മേധാവിമാരുടെ നേതൃത്വത്തില്‍ ചര്‍ച്ച നടന്നു. നിക്ഷയ് മിത്ര, ചികിത്സ സഹായ ഗ്രൂപ്പുകള്‍, പഞ്ചായത് തല ടിബി ഫോറം, ക്ഷയ മുക്ത പഞ്ചായത്ത് എന്നീ പദ്ധതികള്‍ ശക്തിപ്പെടുത്തുന്നതിനെ കുറിച്ച് ചര്‍ച്ച നടന്നു. ക്ഷയരോഗ മുക്ത കേരളത്തിനായി ജനകീയ മുന്നേറ്റം എന്ന പ്രമേയത്തില്‍ 100 ദിന പ്രചാരണ പരിപാടിയുടെ ഭാഗമായി ജില്ലയിലുടനീളം ജനപ്രതിനിധികള്‍, സര്‍ക്കാര്‍, അര്‍ദ്ധസര്‍ക്കാര്‍-സ്വകാര്യ സ്ഥാപനങ്ങള്‍, ആരോഗ്യ കേന്ദ്രങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, മറ്റു തൊഴിലിടങ്ങള്‍, രാഷ്ട്രീയ-സാമൂഹിക-സാംസ്കാരിക സംഘടനകള്‍, മാധ്യമ സ്ഥാപനങ്ങള്‍ തുടങ്ങി വിവിധ മേഖലകളുടെ സഹകരണം ഉറപ്പാക്കി ക്ഷയരോഗ ബോധവത്കരണ പരിപാടികളും ക്ഷയരോഗ നിര്‍ണയ മെഡിക്കല്‍ ക്യാമ്പുകളും നടക്കും. ലോക ക്ഷയരോഗദിനായ മാര്‍ച്ച് 24 വരെ വിവിധ ക്ഷയരോഗ ബോധവത്കരണ പരിപാടികള്‍ സംഘടിപ്പിക്കും.