മുത്തപ്പൻപുഴയിൽ കാട്ടാന വ്യാപകമായി കൃഷി നശിപ്പിച്ചു
1484778
Friday, December 6, 2024 4:37 AM IST
തിരുവമ്പാടി: മുത്തപ്പൻപുഴയിൽ കാട്ടാന വ്യാപകമായി കൃഷി നശിപ്പിച്ചു. മുത്തപ്പൻപുഴ നടുവിലേകുറ്റ് മാത്യു എന്ന കർഷകൻ പാട്ടത്തിന് എടുത്ത കൃഷിയിടത്തിലാണ് കാട്ടാന വ്യാപകമായി കൃഷി നശിപ്പിച്ചത്. കുലച്ചതും കുലക്കാൻ പ്രായമായ വാഴകളാണ് കഴിഞ്ഞദിവസം രാത്രി കാട്ടാന നശിപ്പിച്ചത്.
മുത്തപ്പൻ പുഴയിലും പരിസരപ്രദേശങ്ങളിലും നിരന്തരം കാട്ടാന ശല്യം തുടരുന്നതിനോടൊപ്പം പുലിയുടെ സാന്നിധ്യവും ഉണ്ട്. എന്നിട്ടും അധികൃതരുടെ ഭാഗത്തുനിന്നും യാതൊരുവിധ പ്രതിരോധ നടപടികളും ഉണ്ടായിട്ടില്ല.
ലക്ഷങ്ങളുടെ കൃഷി നാശം സംഭവിച്ച കർഷകർക്ക് ഒരു ധനസഹായവും നൽകിയിട്ടില്ല. എന്നു മാത്രമല്ല ഫോറസ്റ്റ് ഉന്നത അധികാരികളോ കൃഷി വകുപ്പ് ഉദ്യാഗസ്ഥരോ റവന്യു വകുപ്പോ സ്ഥലം സന്ദർശിക്കുവാനോ കൃഷി ഇടത്തിലിറങ്ങുന്ന കാട്ടാനയെ വനത്തിലേക്ക് കയറ്റി വിടുന്നതിനോ തയാറാകുന്നില്ല. സാധാരണക്കാരായ കർഷകരെ കുടിയിറക്കുന്നതിനുള്ള വനം വകുപ്പിന്റെ ഗൂഢതന്ത്രമാണ് ഇതിന് പിന്നിലെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്ന് കർഷക കോൺഗ്രസ് തിരുവമ്പാടി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ചേർന്ന യോഗം ആരോപിച്ചു. കർഷക കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ബോസ് ജേക്കബ് ഉദ്ഘാടനം ചെയ്തു. നിയോജമണ്ഡലം പ്രസിഡന്റ് ഷിജു ചെമ്പനാനി അധ്യക്ഷത വഹിച്ചു.