പൈപ്പിന്റെ രൂപത്തിൽ നാട്ടുകാർക്ക് പുതിയ ദുരിതം വരുന്നു
1484777
Friday, December 6, 2024 4:37 AM IST
രാജൻ വർക്കി
ചക്കിട്ടപാറ: മലയോര ഹൈവേ നിർമാണം നടക്കുന്ന പെരുവണ്ണാമൂഴി ചക്കിട്ടപാറ റൂട്ടിൽ പൈപ്പിന്റെ രൂപത്തിൽ നാട്ടുകാർക്ക് പുതിയ ദുരിതം വരുന്നു. ജൽ ജീവൻ പദ്ധതിയുടെ ഭാഗമായി പെരുവണ്ണാമൂഴിയിൽനിന്നു കൂരാച്ചുണ്ട് പഞ്ചായത്തിലേക്കു വെള്ളം കൊണ്ടുപോകാനായി പൈപ്പ് സ്ഥാപിക്കുന്ന പ്രവർത്തി ആരംഭിക്കാൻ ജല അഥോറിറ്റി ഒരുക്കം തുടങ്ങിയതാണ് കാരണം. മലയോര ഹൈവേ നിർമാണം പുരോഗമിക്കുന്ന റോഡിന്റെ ഓരങ്ങളിൽ പൈപ്പുകൾ വൻ തോതിൽ ഇറക്കി തുടങ്ങിയിട്ടുണ്ട്. ഹൈവേ നിർമാണം പല ഭാഗത്തും ടാറിംഗ് വരെ എത്തി നിൽക്കുന്ന ഘട്ടത്തിലാണ് ജല അഥോറിറ്റിയുടെ പുതിയ വരവ്. പെരുവണ്ണാമൂഴിയിൽനിന്നു ചക്കിട്ടപാറക്ക് ജലം കൊണ്ടു വരുന്ന നിലവിലുള്ള പൈപ്പ് മാറ്റാനും ഒപ്പം വകുപ്പിനു പദ്ധതിയുണ്ട്. റോഡ് കേരള റോഡ് ഫണ്ട് ബോർഡിന്റെ കീഴിലാണ്. ഇവരുടെ അനുമതി ലഭിച്ചാൽ മാത്രമേ പൈപ്പിടൽ പ്രവർത്തി ആരംഭിക്കുവാൻ സാധിക്കുകയുള്ളൂ.
അതേസമയം, ഹൈവേ പ്രവർത്തിയുടെ ഭാഗമായി കഴിഞ്ഞ ഏഴു മാസമായി ജനങ്ങൾ വലിയ ദുരിതമാണ് അനുഭവിച്ചു കൊണ്ടിരിക്കുന്നത്. ഇതിന് കാലതാമസം ഇല്ലാതെ പരിഹാരം ഉണ്ടാവുമെന്ന് കരുതിയിരുന്നപ്പോഴാണ് ജല അഥോറിറ്റി പൈപ്പുമായി വരുന്നത്. ഹൈവേ വെട്ടിപ്പൊളിച്ചാണ് പൈപ്പ് സ്ഥാപിക്കേണ്ടത്. കൂരാച്ചുണ്ടിലേക്കും ചക്കിട്ടപാറക്കുമുള്ള പൈപ്പുകൾ വേറെ വേറെ ഇടേണ്ടി വന്നാൽ രണ്ടു ട്രഞ്ചുകൾ വേണ്ടിവരും.
ഇത് ഒഴിവാക്കി ഒരു കുഴിയിൽ രണ്ടു പൈപ്പ് സ്ഥാപിക്കാനാണ് ജല അഥോറിറ്റിയുടെ നീക്കം. ഇതിനു ജല അഥോറിറ്റി കേരള റോഡ് ഫണ്ട് ബോർഡിന് പണം നൽകണം. രണ്ടു പൈപ്പുകൾ ഒരു കുഴിയിൽ സ്ഥാപിച്ചാലും രണ്ടു കുഴി എന്ന തോതിൽ പണം അടക്കണമെന്ന നിർദേശം കെആർഎഫ്ബി ഉയർത്തിയതായാണ് വിവരം. ഇതിൽ തീരുമാനമുണ്ടാക്കാൻ സംയുക്ത യോഗം കഴിഞ്ഞ ദിവസം ചേർന്നെങ്കിലും ഫലവത്തായില്ല.
പൈപ്പിടൽ പ്രവർത്തി ആരംഭിക്കാൻ കേരള റോഡ് ഫണ്ട് ബോർഡിന്റെ തീരുമാനത്തിന് കാത്തു നിൽക്കുകയാണ് ജല അഥോറിറ്റി. തീരുമാനം നീണ്ടു പോയാൽ പണി പൂർത്തിയായിക്കൊണ്ടിരിക്കുന്ന മലയോര ഹൈവേ ഭാവിയിൽ പൈപ്പിടാൻ വെട്ടിപ്പൊളിക്കേണ്ടി വരും. ഇതിനിടയിൽ ഹൈവേയിലെ കെഎസ്ഇബി തൂണുകൾ പിഴുതു മാറ്റാൻ കേരള റോഡ് ഫണ്ട് ബോർഡ് പണം കെഎസ്ഇബിക്ക് നൽകിയിട്ടുണ്ടെന്നു പറയുന്നുണ്ടെങ്കിലും കാലുകൾ പിഴുതെടുക്കുന്ന കാര്യത്തിൽ അമാന്തം തുടരുകയാണ്. വകുപ്പുകളുടെ ഏകോപനമില്ലായ്മ ദുരിതത്തിലാക്കുന്നത് വാഹന യാത്രക്കാരെയും നാട്ടുകാരെയുമാണ്. ഇതിന് പ്രതിവിധി ഉണ്ടാക്കാൻ അധികാരമുള്ളവർ ആരും തയാറാകുന്നില്ലെന്നതിനാലാണ് നാട്ടുകാരുടെ ദുഃഖം.