പൈപ്പ് പൊട്ടൽ തുടർക്കഥ; കുടിവെള്ളം പാഴാകുന്നു
1484776
Friday, December 6, 2024 4:37 AM IST
നാദാപുരം: ജല അഥോറിറ്റിയുടെ കുടിവെള്ള പൈപ്പ് പൊട്ടൽ തുടർക്കഥയായതോടെ കുടിവെള്ളം പാഴാവുന്നു. സംസ്ഥാന പാതയിൽ നാദാപുരത്തിനും കല്ലാച്ചിക്കും ഇടയിൽ പൈപ്പ് പൊട്ടി പലയിടത്തും വൻ ഗർത്തങ്ങൾ തന്നെ രൂപപ്പെട്ടിട്ടുണ്ട്. ലക്ഷക്കണക്കിന് ലിറ്റർ കുടിവെള്ളമാണ് ദിനം പ്രതി റോഡിൽ ഒഴുകുന്നത്.
വ്യാഴാഴ്ച രാവിലെ പുറമേരിക്ക് അടുത്ത് കക്കംവെള്ളിയിൽ പൈപ്പ് പൊട്ടി കുടിവെള്ളം തോട് കണക്കെ സംസ്ഥാനപാതയിൽ പരന്നൊഴുകുകയാണ്. വിഷ്ണുമംഗലം പുഴയിൽനിന്ന് പുറമേരിയിലെ ജല ശുദ്ധീകരണ പ്ലാന്റിലേക്ക് വെള്ളമെത്തിക്കുന്ന പ്രധാന പൈപ്പാണ് പൊട്ടിയത്. വിഷ്ണുമംഗലത്തുനിന്ന് ശുദ്ധീകരണ പ്ലാന്റ് വഴി വടകരക്ക് കുടിവെള്ളമെത്തിക്കുന്ന കാസ്റ്റ് അയേൺ പൈപ്പുകൾക്ക് അഞ്ച് പതിറ്റാണ്ടോളം പഴക്കമുണ്ട്.
ജല സമ്മർദ്ദം താങ്ങാൻ കഴിയാതെ പഴകിയ ഈ പൈപ്പുകൾ തുടർച്ചയായി തകരുന്നത് വടകരയിലെ കുടിവെള്ള വിതരണത്തെയും ബാധിക്കുന്നുണ്ട്. പൈപ്പിലുണ്ടാകുന്ന സമ്മർദ്ദം തടയാൻ വിഷ്ണുമംഗലം പമ്പ് ഹൗസിൽ സ്ഥാപിച്ചിരുന്ന സംവിധാനം ഈയിടെ തകർന്നതാണ് അടിക്കടി പൈപ്പുകൾ തകരാൻ കാരണമാകുന്നതെന്ന് ജല അഥോറിറ്റി ഉദ്യോഗസ്ഥർ പറയുന്നു.