തുഷാരഗിരിയിൽ ഒരുവർഷത്തിലധികമായി ടൂറിസ്റ്റ് കോട്ടേജുകൾ അടഞ്ഞു കിടക്കുന്നു
1484775
Friday, December 6, 2024 4:37 AM IST
കോടഞ്ചേരി: തുഷാരഗിരിയിൽ പ്രവർത്തിക്കുന്ന ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്റെ കോട്ടേജുകളും കോൺഫറൻസ് ഹാളും റസ്റ്റോറന്റും മുടക്കം കൂടാതെ നടത്തുന്നതിന് ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്റെ ഭാഗത്തുനിന്നും, സംസ്ഥാന ടൂറിസം വകുപ്പിന്റെ ഭാഗത്തു നിന്നും കാര്യമായ നടപടികളൊന്നും ഉണ്ടാകുന്നില്ല.
സ്ഥാപനങ്ങളുടെ നടത്തിപ്പ് ഏറ്റെടുത്ത കരാറുകാർ ഉപേക്ഷിച്ചു പോകുമ്പോൾ വീണ്ടും വീണ്ടും കരാർ നൽകുന്നുവെന്നല്ലാതെ സ്ഥാപനങ്ങളുടെ പ്രവർത്തനം കൂടുതൽ ടൂറിസം സാധ്യതകൾ ഉൾക്കൊണ്ടുകൊണ്ട് നടത്താനുള്ള പുതിയ പദ്ധതികൾ ആവിഷ്കരിക്കാനുള്ള ശ്രമമൊന്നും അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നില്ല. ഒരു വർഷത്തിലധികമായി പ്രവർത്തനരഹിതമായ കോട്ടേജുകളും അതിനുള്ളിലെ ഫർണിച്ചറുകളും വെറുതെ കിടന്നു നശിക്കുകയാണ്. കെട്ടിടങ്ങളിലെ ഇലക്ട്രിക് ഉപകരണങ്ങളിൽ പലതും നിശ്ചലമാണ്.
ഒരു വർഷം തുഷാരഗിരിയിൽ എത്തുന്ന മൂന്നു ലക്ഷത്തിലധികം ടൂറിസ്റ്റുകൾക്ക് താമസ സൗകര്യം ഒരുക്കുന്നതിനായി നാല് ടൂറിസ്റ്റ് കോട്ടേജ്, ഒരു ഡോർമെറ്ററി, ഒരു റസ്റ്റോറന്റ്, 100 പേർക്ക് ഇരിക്കാവുന്ന കോൺഫറൻസ് ഹാൾ, ടോയ്ലറ്റ് ബ്ലോക്ക് എന്നിവയാണ് സ്വകാര്യ വ്യക്തികൾക്ക് കരാറായി നൽകുന്നത്.
പല കരാറുകാരും വിവിധ കാലഘട്ടങ്ങളിലായി കോട്ടേജുകളും കോൺഫറൻസ് ഹാളും റസ്റ്റോറന്റും കരാർ എടുത്തു നടത്തിയെങ്കിലും പാതിവഴിയിൽ ഉപേക്ഷിച്ചു പോവുകയാണ് പ
തിവ്.
കേരള ടൂറിസം ഡെവലപ്മെന്റ് കോർപറേഷൻ തുഷാരഗിരിയിലെ കോട്ടേഴ്സുകളുടെയും, റസ്റ്റോറന്റ്, കോൺഫറൻസ് ഹാൾ എന്നിവയുടെ ചുമതല ഏറ്റെടുത്ത് നടത്തണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.