മീഞ്ചന്തയില്‍ ഒരു കിലോമീറ്ററിലേറെ നീളമുള്ള മേല്‍പ്പാലം നിര്‍മ്മിക്കും
1484517
Thursday, December 5, 2024 4:30 AM IST
കോഴിക്കോട്: ഒരു കിലോമീറ്ററിലേറെ നീളമുള്ള, ജില്ലയിലെ ഏറ്റവും നീളമുള്ള മേല്‍പ്പാലം മീഞ്ചന്തയില്‍ നിര്‍മിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഫണ്ട് അനുവദിച്ചതായി പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ് അറിയിച്ചു. കോഴിക്കോട് ഫ്രാന്‍സിസ് റോഡില്‍ നവീകരിച്ച എകെജി മേല്‍പ്പാലത്തിന്റെയും പാലത്തിന്റെയും വൈദ്യുത ദീപാലങ്കാര ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
മീഞ്ചന്ത, വട്ടക്കിണര്‍, അരീക്കാട് ഭാഗങ്ങളിലെ രൂക്ഷമായ ഗതാഗത സ്തംഭനത്തിനു പരിഹാരമായി മീഞ്ചന്തയില്‍ മേല്‍പ്പാലം വേണമെന്ന ആവശ്യത്തിന് 40 വര്‍ഷങ്ങളിലേറെ പഴക്കമുണ്ട്. വട്ടക്കിണറില്നിന്ന് തുടങ്ങി മീഞ്ചന്തയ്ക്ക് മുകളിലൂടെ അരീക്കാട് ഇറങ്ങുന്ന മേല്‍പ്പാലം കോഴിക്കോട് സൗത്ത് നിയോജക മണ്ഡലത്തില്‍ തുടങ്ങി ബേപ്പൂര്‍ നിയോജകമണ്ഡലത്തില്‍ അവസാനിക്കും. മേല്‍പ്പാലത്തിനായി ഭൂമിയേറ്റെടുക്കുന്ന പ്രവര്‍ത്തനങ്ങളിലേക്ക് കടക്കുകയാണെന്ന് മന്ത്രി പറഞ്ഞു.
ഇതിനുപുറമേ ചെറുവണ്ണൂരിലും മേല്‍പ്പാലം വരുന്നുണ്ട്. അവിടെ ഭൂമി ഏറ്റെടുക്കല്‍ പ്രവൃത്തി തുടങ്ങി. ചെറുവണ്ണൂര്‍, മീഞ്ചന്ത മേല്‍പ്പാലങ്ങള്‍ക്കായി ആകെ 200 കോടി രൂപയാണ് സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ചതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. കോഴിക്കോട് നഗരത്തില്‍ പട്ടാളപ്പള്ളി, തളി ക്ഷേത്രം, സിഎസ്ഐ ചര്‍ച്ച്, ശ്രീകണ്ഠേശ്വര ക്ഷേത്രം, പുരാതന കെട്ടിടങ്ങള്‍ എന്നിവ സ്ഥിരമായി ദീപാലംകൃതമാക്കുന്ന പ്രവൃത്തിയും തുടങ്ങാന്‍ പോകുകയാണ്.
ദീപാലംകൃതമായ ഫറോക്ക് പഴയ പാലം ഇന്ന് വിനോദസഞ്ചാര കേന്ദ്രമായി മാറി. അഞ്ചു വര്‍ഷം കൊണ്ട് 100 പാലങ്ങള്‍ പൂര്‍ത്തിയാക്കുക എന്നതായിരുന്നു സര്‍ക്കാരിന്റെ ലക്ഷ്യമെങ്കില്‍ മൂന്നേകാല്‍ വര്‍ഷം കൊണ്ട് തന്നെ ലക്ഷ്യം പൂര്‍ത്തീകരിച്ചതായി മന്ത്രി കൂട്ടിച്ചേര്‍ത്തു.