കട്ടിപ്പാറയില്‍ കുട്ടികളുടെ ഹരിതസഭ നടത്തി
1484510
Thursday, December 5, 2024 4:30 AM IST
താമരശേരി: മാലിന്യ മുക്തം നവകേരളം ജനകീയ ശുചിത്വ കാമ്പയിന്റെ ഭാഗമായി കട്ടിപ്പാറയില്‍ കുട്ടികളുടെ ഹരിതസഭ സംഘടിപ്പിച്ചു. മാലിന്യ നിര്‍മ്മാര്‍ജ്ജന സംവിധാനങ്ങളില്‍ കുട്ടികളുടെ പങ്കാളിത്തം ഉറപ്പു വരുത്തുകയെന്ന ലക്ഷ്യത്തോടെ പഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ഹരിതസഭയില്‍ ഹോളി ഫാമിലി ഹയര്‍സെക്കന്‍ഡറി സ്കൂള്‍ കട്ടിപ്പാറ, ഹോളി ഫാമിലി ഹൈസ്കൂള്‍ കട്ടിപ്പാറ, എസ്എസ്എം യുപിസ്കൂള്‍ വിഒടി, നിര്‍മ്മല യുപിസ്കൂള്‍ ചമല്‍, നസ്രത്ത് യുപി സ്കൂള്‍ കട്ടിപ്പാറ, ഐയുഎം എല്‍പി സ്കൂള്‍ കന്നൂട്ടിപ്പാറ, അമ്പായത്തോട് എല്‍പി സ്കൂള്‍, ഗവ.എല്‍പി സ്കൂള്‍ ചമല്‍, ഗവ.എല്‍പി സ്കൂള്‍ വിഒടി, നസ്രത്ത് എല്‍പി സ്കൂള്‍ മൂത്തോറ്റിക്കല്‍ എന്നീ വിദ്യാലയങ്ങളില്‍ നിന്നുമായി 130തിലധികം വിദ്യാര്‍ഥികള്‍ പങ്കെടുത്തു.
ഹരിത സഭക്ക് മുന്നോടിയായി കട്ടിപ്പാറ ടൗണിലേക്ക് വിദ്യാര്‍ഥികളുടെ റാലി നടത്തി. പഞ്ചായത്ത് പ്രസിഡന്റ് പ്രേംജി ജെയിംസ് ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് അഷ്റഫ് പൂലോട് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് സാജിത ഇസ്മായില്‍ ശുചിത്വ പ്രതിജ്ഞയ്ക്ക് നേതൃത്വം നല്കി. ബേബി രവീന്ദ്രന്, ഹാരിസ് അമ്പായത്തോട്, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ റസീന എന്നിവര്‍ പ്രസംഗിച്ചു. അസിസ്റ്റന്റ് സെക്രട്ടറി പി.വി. ശ്രീകുമാര്‍ പദ്ധതി വിശദീകരിച്ചു.