ജനവാസ കേന്ദ്രങ്ങളും കൃഷിയിടങ്ങളും ഒഴിവാക്കിക്കൊണ്ടാണ് ഇഎസ്എ നിർണയിച്ചിട്ടുള്ളതെന്ന്
1484285
Wednesday, December 4, 2024 5:16 AM IST
കൂരാച്ചുണ്ട്: പരിസ്ഥിതി ലോല മേഖല നിശ്ചയിക്കാനുള്ള കരട് വിജ്ഞാപനത്തിൽ കൂരാച്ചുണ്ട് പഞ്ചായത്തിലെ ജനവാസ മേഖലകളും കൃഷിയിടങ്ങളും ഒഴിവാക്കിക്കൊണ്ടാണ് ഇഎസ്എ നിർണയിച്ചിട്ടുള്ളതെന്ന് പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന ഡയറക്ടറേറ്റിൽ നിന്നും അറിയിച്ചതായി പഞ്ചായത്ത് പ്രസിഡന്റ് പോളി കാരക്കട അറിയിച്ചു. കൂരാച്ചുണ്ട് പഞ്ചായത്തിലെ ജനവാസ പ്രദേശങ്ങൾ പരിസ്ഥിതി സംവേദ പ്രദേശങ്ങളുടെ കരട് വിജ്ഞാപനത്തിൽ ഉൾപ്പെട്ടത് സംബന്ധിച്ച് ജനങ്ങൾക്കുള്ള ആശങ്കയെ തുടർന്ന് പഞ്ചായത്ത് നൽകിയ നിവേദനത്തിന് ലഭിച്ച മറുപടിയിലാണ് ഈ വിവരം അറിയിച്ചതെന്നും പ്രസിഡന്റ് പോളി കാരക്കട പറഞ്ഞു.
പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന ഡയറക്ടറേറ്റിൽ ലഭ്യമായ സ്ഥല വിവരങ്ങൾ പ്രകാരം കൂരാച്ചുണ്ട് പഞ്ചായത്തിൽ ചക്കിട്ടപാറ വില്ലേജിലെ ഒരു ഭാഗം ഇഎസ്എ പ്രദേശത്തിൽ ഉൾപ്പെടുന്നുണ്ട്. മലബാർ വന്യജീവി സങ്കേതവും ജലസേചന വകുപ്പിന്റെ പെരുവണ്ണാമൂഴി ഡാം റിസർവോയറും ഉൾപ്പെടെയുള്ള സംരക്ഷിത മേഖലയാണ് ഇഎസ്എ പ്രദേശമായി ഉൾപ്പെടുത്തിയിട്ടുള്ളതെന്നും അറിയിച്ചിട്ടുണ്ട്.