"എന്റെ തൊഴിൽ എന്റെ അഭിമാനം'; ചെമ്പനോടയിൽ തണലോരം പദ്ധതി പ്രഖ്യാപനം നടത്തി
1484282
Wednesday, December 4, 2024 5:16 AM IST
പെരുവണ്ണാമൂഴി: എന്റെ തൊഴിൽ എന്റെ അഭിമാനം എന്ന ആശയത്തിലൂന്നി ഭിന്നശേഷിക്കാരായ കുട്ടികൾക്ക് തൊഴിൽ പരിശീലനം നൽകുന്ന തണലോരം പദ്ധതി ചക്കിട്ടപാറ പഞ്ചായത്തിലെ ചെമ്പനോടയിൽ പൂർത്തിയായി. ശ്രവണ ഭാഷണ പരിമിതിയുള്ള മൂന്നു പേരടക്കം ഏഴു കുട്ടികളാണ് പരിശീലനം പൂർത്തിയാക്കിയത്. ചെമ്പനോട ബഡ്സ് സ്കൂളുമായി ബന്ധപ്പെട്ട് അവിടെയുള്ള പ്രാപ്തരായ കുട്ടികൾക്ക് തൊഴിൽ പരിശീലനം നൽകി സ്വയം പര്യാപ്തരാക്കുകയാണ് തണലോരം പദ്ധതിയുടെ ലക്ഷ്യം. ആദ്യഘട്ടമായി സെപ്റ്റംബർ മാസത്തിൽ ആരംഭിച്ച തുന്നൽ പരിശീലനമാണ് പൂർത്തിയായത്.
ഇന്നലെ ലോക ഭിന്നശേഷി ദിനത്തിൽ പരിശീലന പൂർത്തീകരണ പ്രഖ്യാപനം ചക്കിട്ടപാറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ. സുനിൽ നിർവഹിച്ചു. വൈസ് പ്രസിഡന്റ് ചിപ്പി മനോജ് അധ്യക്ഷത വഹിച്ചു. മെമ്പർമാരായ സി.കെ. ശശി, ബിന്ദു വത്സൻ, ബിന്ദു സജി, വിനിഷ, വിനീത, ശ്രീജിത്ത്, എം. എം. പ്രദീപൻ, പ്രോഗ്രാം കോ ഓർഡിനേറ്റർ ജി. രവി, ബഡ്സ് സ്കൂൾ ഇൻചാർജ് സരള, പരിശീലക പി.ജി. പൊന്നമ്മ, വി.പി. ബാലൻ എന്നിവർ പ്രസംഗിച്ചു. പ്രവാസിയായ റഷീദ് കേടേരിച്ചാലിന്റെ നേതൃത്വത്തിൽ പേരാമ്പ്ര ഇല്ലേസിയ ഗ്രൂപ്പാണ് പരിശീലനത്തിനാവശ്യമായ സാമ്പത്തിക സഹായം സ്പോൺസർ ചെയ്യുന്നത്.