ചേവായൂര്‍ ബാങ്ക് അട്ടിമറി: കോണ്‍ഗ്രസിന്റെ കമ്മീഷണര്‍ ഓഫീസ് മാര്‍ച്ചില്‍ സംഘര്‍ഷം
1484280
Wednesday, December 4, 2024 5:16 AM IST
കോഴിക്കോട്: ചേവായൂര്‍ ബാങ്ക് അട്ടിമറിയില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണര്‍ ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. സമരക്കാര്‍ക്ക് നേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. കോഴിക്കോട് ഡിസിസി പ്രസിഡന്റ് അഡ്വ. കെ. പ്രവീണ്‍കുമാര്‍ ഉള്‍പ്പെടെയുള്ളവരെ പോലീസ് അറസ്റ്റു ചെയ്തു നീക്കി.
സമരത്തിനിടെ പോലീസിനു നേരെ കല്ലേറുണ്ടായതാണ് സ്ഥിതി വഷളാക്കിയത്. മാനാഞ്ചിറ പാര്‍ക്കില്‍ ഒളിച്ചിരുന്ന ഒരു സിപിഎം പ്രവര്ത്തകന് പ്രവര്‍ത്തകര്‍ക്കിടയിലേക്കും പോലീസിനു നേരെയും കല്ലെറിയുകയായിരുന്നുവെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിച്ചു. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഓടിയെത്തിയപ്പോള്‍ ഇയാള്‍ പാര്‍ക്കിലെ പമ്പ് ഹൗസിലേക്ക് ഓടിരക്ഷപ്പെട്ടു. തുടര്‍ന്ന് കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് അഡ്വ. ടി. സിദ്ദിഖ് എംഎല്‍എ സ്ഥലത്തെത്തി കല്ലെറിഞ്ഞ ആളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടു.
പോലീസ് ഇയാളെ പിടികൂടാന്‍ ഒരുക്കമല്ലെന്ന് കണ്ടതോടെ കൂടുതല്‍ പ്രവര്‍ത്തകര്‍ എത്തി പ്രതിഷേധിച്ചു. പോലീസ് പിടികൂടിയില്ലെങ്കില്‍ താന്‍ നേരിട്ട് പ്രതിയെ പോലീസ് സ്റ്റേഷനില്‍ എത്തിക്കുമെന്ന് ടി. സിദ്ദീഖ് മുന്നറിയിപ്പു നല്‍കിയതോടെ ടൗണ്‍ പോലീസ് ഇയാളെ പിടികൂടി സ്റ്റേഷനിലേക്ക് എത്തിച്ചു. എന്നാല്‍ കേസ് എടുക്കാതെ ഇയാളെ പിന്നീട് വിട്ടയച്ചു. രണ്ടുമണിക്കൂറോളം സമയം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ റോഡ് ഉപരോധിച്ചു. സംഘര്‍ഷസാധ്യത കണക്കിലെടുത്ത് വന്‍ പോലീസ് സന്നാഹം സ്ഥലത്ത് ക്യാമ്പ് ചെയ്തിരുന്നു.
കോണ്‍ഗ്രസ് മാര്‍ച്ചില്‍ കലാപം സൃഷ്ടിക്കാന്‍ സിപിഎമ്മിന്റെ നേതൃത്വത്തില്‍ ആസൂത്രിതമായ നീക്കമാണ് നടന്നതെന്നും കല്ലെറിഞ്ഞ പ്രതി രാജനെതിരേ കലാപകുറ്റത്തിന് കേസെടുക്കണമെന്നും ഡിസിസി പ്രസിഡന്റ് അഡ്വ. കെ. പ്രവീണ്‍കുമാര്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. നാലഞ്ചു പേര് പാര്‍ക്കില്‍ കല്ലുമായി തമ്പടിച്ചിരുന്നു. പോലീസ് ഇവരെ സംരക്ഷിക്കാനാണ് ശ്രമിച്ചത്. കസ്റ്റഡിയിലെടുത്ത പ്രതിയെ സിപിഎം സംഘടനാ നേതാക്കള്‍ എത്തിയതോടെ പോലീസ് വിട്ടയച്ചു.
ഇയാള്‍ക്കെതിരേ കേസെടുക്കുന്നതിന് പുറമെ കോര്‍പറേഷനിലെ ജോലിയില്‍ നിന്നും പുറത്താക്കണമെന്നും പ്രവീണ്‍കുമാര്‍ ആവശ്യപ്പെട്ടു. ചേവായൂരിലെ നരനായാട്ട് തുടരാനാണ് സിപിഎം ശ്രമിക്കുന്നത്. മാര്‍ച്ചിനിടെ കോണ്‍ഗ്രസിന്റെ അക്രമത്തില്‍ പോലീസിന് പരിക്കേറ്റുവെന്ന് കാണിച്ച് അറസ്റ്റു ചെയ്തവര്‍ക്കെതിരേ ജാമ്യമില്ലാ കുറ്റം ചുമത്താനാണ് പോലീസ് ശ്രമിച്ചതെന്നും പ്രവീണ്‍കുമാര്‍ ആരോപിച്ചു. ചേവായൂര്‍ സഹകരണ ബാങ്ക് തകര്‍ക്കലല്ല തിരിച്ച് പിടിക്കലാണ് ലക്ഷ്യം. മൂന്നാംഘട്ട സമരമായി 17ന് സഹകരണ ജോയിന്റ് രജിസ്ട്രാര്‍ ഓഫീസിനു മുന്നില്‍ ചേവായൂരിലെ 11 കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെയും സഹകാരികളെയും പങ്കെടുപ്പിച്ച് പ്രതിഷേധ കൂട്ടായ്മ നടത്തുമെന്നും പ്രവീണ്‍കുമാര്‍ അറിയിച്ചു.