തേനരുവിയില്‍ ദുരിതക്കണ്ണീര്‍ തീർത്ത് കാട്ടാനക്കൂട്ടം
1484278
Wednesday, December 4, 2024 5:16 AM IST
പ്രതീഷ് ഉദയന്‍
കൂടരഞ്ഞി: കായ്ച്ചു നില്ക്കുന്ന വാഴകള്‍, മധുരമൂറും പപ്പായകള്‍, മാങ്കോസ്റ്റിന്‍, റമ്പൂട്ടാന്‍, അവക്കാഡോ, സപ്പോട്ട, ജാതി, തെങ്ങുകള്‍, പ്ലാവുകള്‍, കൊക്കോ...ഏതുവിളയും തഴച്ചുവളരാന്‍ പാകത്തിലുള്ള അനുകൂല കാലാവസ്ഥയാണ് തേനരുവിയുടെ പ്രത്യേകത. കൃഷിയിലൂടെ ജീവിതം കരുപ്പിടിപ്പിച്ചിരുന്ന തേനരുവിയിലെ കര്‍ഷകരുടെ മനസിലിന്ന് നിറയെ കണ്ണീരാണ്.
അടുത്തകാലം വരെ പൊന്നും വിലയ്ക്ക് ഇവിടുത്തെ ഭൂമി വാങ്ങാന്‍ ആളുകളുണ്ടായിരുന്നു. അങ്ങനെയുള്ള ഈ കാര്‍ഷിക ഗ്രാമത്തിലിപ്പോള്‍ ആളുകള്‍ പുറത്തിറങ്ങാന്‍ പേടിച്ചു ഭയന്നാണ് ജീവിക്കുന്നത്. കൂടരഞ്ഞി പഞ്ചായത്തിലെ കക്കാടംപൊയിലിനോട് ചേര്‍ന്നു കിടക്കുന്ന തേനരുവി പ്രദേശം കാട്ടാനകളുടെ വിഹാരകേന്ദ്രമായി മാറിയിരിക്കുകയാണ്. കൊതിയൂറും കാര്‍ഷിക വിഭവങ്ങളാല്‍ സമൃദ്ധമായ ഇവിടം കാട്ടാനകള്‍ വിട്ടുപോകുന്നില്ല. ഇടയ്ക്ക് നിലമ്പൂര്‍ കൊടുപുഴ വനമേഖലയിലേക്ക് പോകുമെങ്കിലും വൈകാതെതന്നെ ഒറ്റയ്ക്കും കൂട്ടമായുമെത്തുന്ന കാട്ടാനകള്‍ രണ്ടും മൂന്നും ദിവസം കാര്‍ഷിക മേഖലകളില്‍ തമ്പടിച്ച് സകലതും നശിപ്പിച്ചശേഷമാണ് തിരിച്ചു പോകുന്നത്.
ചോര നീരാക്കി ഇറക്കിയ കൃഷി ഒരു രാത്രിയില്‍ നശിപ്പിക്കപ്പെടുമ്പോള്‍ കര്‍ഷകര്‍ ആത്മഹത്യയുടെ വക്കിലാണ്. ബാങ്കില്‍ നിന്ന് വായ്പയെടുത്തും മറ്റുമാണ് കര്‍ഷകരില്‍ പലരും കൃഷിയിറക്കിയത്. ഇവ തിരിച്ചടയ്ക്കാനാകാതെ ബുദ്ധിമുട്ടുകയാണ് കര്‍ഷകര്‍. കൃഷിനാശത്തിനു വനംവകുപ്പില്‍ നിന്നും കൃഷി വകുപ്പില്‍നിന്നും തുച്ഛമായ നഷ്ടപരിഹാരത്തുകയാണ് കര്‍ഷകര്‍ക്ക് ലഭിക്കുന്നത്. ഒരു മാസത്തിലേറെയായി തേനരുവിയില്‍ കാട്ടാനശല്യം തുടരുകയാണ്. പത്തിലേറെ കര്‍ഷകരുടെ വിളകളാണ് കഴിഞ്ഞ ദിവസങ്ങളില്‍ കാട്ടാനകള്‍ നശിപ്പിച്ചത്.
ഏറ്റവുമൊടുവില്‍ ഏറ്റുമാനുര്‍ സ്വദേശി ഏബ്രഹാം ജോസഫിന്റെ 250 വാഴകള്‍, മൂന്ന് തെങ്ങുകള്‍, ഇഞ്ചിക്കൃഷി തുടങ്ങിയവ കാട്ടാനക്കൂട്ടം നശിപ്പിച്ചു. തിങ്കളാഴ്ച പുലര്‍ച്ചെയാണ് കാട്ടാനക്കൂട്ടമെത്തിയത്. ആറ് ആനകളാണ് കൃഷിയിടത്തില്‍ എത്തിയതെന്ന് ഏബ്രഹാം പറഞ്ഞു.
കൃഷിഭൂമിയാകെ ചവിട്ടി മെതിച്ചിട്ട നിലയിലാണ്. ഇദ്ദേഹം ലക്ഷങ്ങള്‍ മുടക്കി കൃഷിഭൂമിയോടുചേര്ന്ന് നിര്‍മിച്ചിരുന്ന സൗരോര്‍ജ വേലികള്‍ കഴിഞ്ഞയാഴ്ച കാട്ടാനകള്‍ പിഴുതെറിഞ്ഞിരുന്നു. അന്നും വ്യാപകമായി വിളകള്‍ നശിപ്പിച്ചിരുന്നു.വീടിനോടുചേര്‍ന്ന കൃഷിയിടത്തിലാണ് കാട്ടാനകളുടെ താണ്ഡവം. കഴിഞ്ഞയാഴ്ച വെട്ടുവേലി നിബിന്റെ രണ്ടേക്കര്‍ കൃഷിഭൂമിയിലെ ആയിരത്തോളം വാഴകള്‍, 450 കമുകിന്‍തൈ, 300 കൊക്കോതൈ, രണ്ട് തെങ്ങ് എന്നിവ കാട്ടാനക്കൂട്ടം നശിപ്പിച്ചിരുന്നു.
നിരീക്ഷണം ഊര്‍ജിതമാക്കി വനംവകുപ്പ്
താമരശേരി ഫോറസ്റ്റ് റേഞ്ചിനു കീഴിലുള്ള പീടികപ്പാറ സെക്ഷന്‍ അധീനതയിലുള്ള തേനരുവിയില്‍ ആര്‍ആര്‍ടിയുടെ നേതൃത്വത്തില്‍ നിരീക്ഷണം ഊര്‍ജിതപ്പെടുത്തിയതായി സെക്ഷന്‍ ഓഫീസര്‍ പി. സുബീര്‍ അറിയിച്ചു.
ആനക്കൂട്ടത്തെ ഒട്ടേറെത്തവണ വിരട്ടിയോടിച്ചെങ്കിലും വീണ്ടും എത്തുകയാണ്. ജില്ലാ അതിര്‍ത്തിയില്‍ സൗരോര്‍ജ വേലി സ്ഥാപിക്കുക മാത്രമേ രക്ഷയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. എടവണ്ണ റേഞ്ചിനു കീഴിലുള്ള കൊടുമ്പുഴ സ്റ്റേഷന് ജില്ലാ അതിര്‍ത്തിയില്‍ നിന്ന് മൂന്നു കിലോമീറ്റര്‍ ദൈര്‍ഘ്യത്തില്‍ സൗരോര്‍ജവേലി സ്ഥാപിക്കുന്ന പ്രവൃത്തി തുടങ്ങിയതായി ഡെപ്യൂട്ടി റേഞ്ചര്‍ എ. നാരായണന് അറിയിച്ചു.