പോലീസ് സ്റ്റേഷനുകളിലെ അനാഥ വാഹനങ്ങള്‍ ലേലത്തിന്
1484277
Wednesday, December 4, 2024 5:16 AM IST
കോഴിക്കോട്: സിറ്റിയിലെ വിവിധ പോലീസ് സ്റ്റേഷനുകളില്‍ വര്‍ഷങ്ങളായി അനാഥമായി കിടക്കുന്ന വാഹനങ്ങള്‍ ലേലം ചെയ്തു വില്പന നടത്തുന്നു. ഈ മാസം ആറിനാണ് ലേലം. ലേലവുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങി. സിറ്റിയിലെ വിവിധ പോലീസ് സ്റ്റേഷനുകളില്‍ തൊണ്ടിമുതലായി കെട്ടിക്കിടക്കുന്നത് അഞ്ഞുറോളം വാഹനങ്ങളാണ്. നിലവില്‍ ഈ വാഹനങ്ങള്‍ക്കൊന്നും അവകാശികളില്ല. അന്വേഷണമോ വിചാരണയോ കോടതിയുടെ പ്രത്യേക പരിഗണനയോ ഇല്ലാത്ത വാഹനങ്ങളാണിവ. സ്റ്റേഷനുകളില്‍ സ്ഥലമില്ലാത്തതിനാല്‍ ഇവ സ്റ്റേഷന് പരിസരത്തും റോഡരികിലും മറ്റുമായി സൂക്ഷിച്ചിരിക്കുകയായിരുന്നു. കാലപ്പഴക്കംമൂലം വാഹനങ്ങള്‍ പലതും തുരുമ്പെടുത്തു നശിച്ചിട്ടുണ്ട്. കോടതിനടപടികള്‍ പൂര്‍ത്തിയാക്കിയശേഷം കിടക്കുന്ന വാഹനങ്ങളുമുണ്ട്.
നഗരത്തിലെ വിവിധ പോലീസ് സ്റ്റേഷന് പരിസരങ്ങളില്‍ സ്റ്റേഷന് ഹൗസ് ഓഫീസര്‍മാരുടെ ഉത്തരവാദിത്തത്തില്‍ സൂക്ഷിക്കുന്ന വാഹനങ്ങളാണ് ലേലത്തില്‍ വില്‍ക്കാനൊരു ങ്ങുന്നത്.ലേലം സം ബന്ധിച്ചുള്ള ഉത്തരവ് ആഭ്യന്തര വകുപ്പ് പുറത്തിറക്കിയിട്ടുണ്ട്. കേസുകളില്‍പ്പെടുന്ന വാഹനങ്ങള്‍ സ്റ്റേഷന് വളപ്പുകളില്‍ അനന്തമായി സൂക്ഷിക്കേണ്ടതില്ലെന്ന സര്‍ക്കാര്‍ നിര്‍ദേശം പാലിക്കാത്തതാണ് വാഹനം കൂടിക്കിടക്കുന്നതിന് കാരണമാകുന്നത്. ലേലത്തിനുള്ളവയില് ഏറെയും ഇരുചക്രവാഹനങ്ങളാണ്. രാമനാട്ടുകര,ബേപ്പൂര്‍, ചെമ്മങ്ങാട്, ചേവായൂര്‍, എലത്തൂര്‍, ഫറോക്ക്, കസബ, കുന്ദമംഗലം, മാറാട്, മാവൂര്‍, മെഡി. കോളജ്, നടക്കാവ്, നല്ലളം, പന്നിയങ്കര, പന്തീരാങ്കാവ്, ടൗണ്‍, ട്രാഫിക്, വെള്ളയില്‍, ബേപ്പൂര്‍ കോസ്റ്റല്‍ പോലീസ് എന്നിവിടങ്ങളിലാണ് സ്റ്റേഷന് പരിസരത്തും പുറത്തുമായി വാഹനങ്ങള്‍ കുന്നുകൂടിയുള്ളത്. ട്രാഫിക് പോലീസ് സ്റ്റേഷനിലാണ് ഏറ്റവും കൂടുതല്‍ വാഹനങ്ങളുള്ളത്. 90 എണ്ണം. ഇവയില്‍ ഏറെയും ഇരുചക്രവാഹനങ്ങളാണ്.