കൃഷി ഭൂമിയിലിറങ്ങിയ ആനക്കൂട്ടത്തെ വനത്തിലേക്ക് തുരത്തി
1484275
Wednesday, December 4, 2024 5:16 AM IST
നാദാപുരം: മാടാഞ്ചേരിയിലും പാലൂരിലും കാട്ടാനക്കൂട്ടമിറങ്ങി വ്യാപക കൃഷിനാശം വരുത്തിയ ആനകളെ വനത്തിലേക്ക് ഓടിച്ച് വിട്ടു. നാട്ടുകാരുടെ പരാതിയെ തുടര്‍ന്നാണ് വനം വകുപ്പ് നടപടി എടുത്തത്. ആനകളിറങ്ങി വ്യാപകമായി കാര്‍ഷിക വിളകള്‍ നശിപ്പിച്ചതറിഞ്ഞ് വിലങ്ങാട് സെക്ഷന്‍ ഫോറസ്റ്റ് ഓഫീസ് ജീവനക്കാര്‍ പാലൂരിലും മാടാഞ്ചേരിയിലും പരിശോധന നടത്തി. കുറ്റ്യാടി റെയ്ഞ്ചറും കൃഷിഭൂമിയില്‍ എത്തി. റെയ്ഞ്ചറുടെ നിര്‍ദ്ദേശപ്രകാരം ആര്‍ആര്‍ടി സംഘം സ്ഥലത്തെത്തുകയും കുട്ടി ആനകള്‍ ഉള്‍പ്പെടെയുള്ള ആനക്കൂട്ടത്തെ കണ്ണവം മേഖലയിലെ ഉള്‍വനത്തിലേക്ക് തുരത്തി ഓടിച്ച് വിടുകയായിരുന്നു.
മൂന്ന് ദിവസമായി ആനകള്‍ കൃഷി ഭൂമിയില്‍ തന്നെ നിലയുറപ്പിച്ചതിനാല്‍ കര്‍ഷകര്‍ക്ക് ടാപ്പിംഗിനും മറ്റും പോവാന്‍ കഴിയാത്ത അവസ്ഥയിലായിരുന്നു. കണ്ണൂര്‍ ജില്ലയിലെ കണ്ണവം വനത്തില്‍നിന്ന് പുഴ കടന്നാണ് ആനകള്‍ കോഴിക്കോട് ജില്ലയിലെ കൃഷി ഭൂമിയിലിറങ്ങുന്നത്. ജനവാസ മേഖലകൂടിയാണ് ഈ കൃഷിയിടം. ജില്ലാ അതിര്‍ത്തിയില്‍ ഫെന്‍സിംഗ് ലൈനുകള്‍ സ്ഥാപിക്കാത്തതാണ് ആനകള്‍ കൃഷിഭൂമിയിലെത്തുന്നതെന്ന് കര്‍ഷകര്‍ പറഞ്ഞു.