ആര്‍ടിഒ ചെക്പോസ്റ്റില്‍നിന്നു അധികപണം പിടികൂടിയ സംഭവം: എഎംവിഐക്കെതിരേ വിജിലന്‍സ് ട്രൈബ്യൂണല്‍ അന്വേഷണം നടത്തും
1484274
Wednesday, December 4, 2024 5:16 AM IST
സ്വന്തം ലേഖകന്‍
കോഴിക്കോട്: മലപ്പുറം നിലമ്പൂര്‍ റെയില്‍വേ സ്റ്റേഷന് പരിസരത്തും വഴിക്കടവ് ആര്‍ടിഒ ചെക്ക്പോസ്റ്റിലും വിജിലന്‍സ് നടത്തിയ മിന്നല്‍ പരിശോധനയില്‍ കണക്കില്‍പെടാത്ത തുക കണ്ടെത്തിയ സംഭവത്തില്‍ അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ (എഎംവിഐ) ബി. ഷഫീസിനെതിരേ കോഴിക്കോട് വിജിലന്‍സ് ട്രൈബ്യൂണല്‍ മുഖേനെ വിശദമായ അന്വേഷണം നടത്താന്‍ വിജിലന്‍സ് വകുപ്പ് തീരുമാനിച്ചു. വഴിക്കടവ് ആര്‍ടിഒ ചെക്ക്പോസ്റ്റിലെ ഉദ്യോഗസ്ഥര്‍ കൈക്കൂലി വാങ്ങുന്നുവെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ 2022 ജൂലൈ ഒന്നിന് മലപ്പുറം വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യൂറോ നടത്തിയ പരിശോധനയിലാണ് കണക്കില്പെടാത്തതിലധികം തുക കണ്ടെത്തിയത്.
ഈ വിഷയത്തില്‍ ഗതാഗത വകുപ്പ് കമ്മീഷണര്‍ നല്കിയ കുറ്റാരോപണ മെമ്മോയ്ക്ക്, ആരോപണങ്ങള്‍ പാടെ നിഷേധിച്ചുകൊണ്ടാണ് ബി. ഷഫീസ് മറുപടി നല്‍കിയത്. ഷഫീസിന്റെ മറുപടി തൃപ്തികരമല്ലെന്നും അദേഹത്തിന്റെ ഭാഗത്തുനിന്നു വീഴ്ചയുണ്ടെന്നു വിലയിരുത്തിയും ഒന്നിലധികം മിന്നല്‍ പരിശോധനകളില്‍ അദേഹത്തിനെതിരേ ക്രമക്കേടുകള്‍ കണ്ടെത്തിയതു പരിഗണിച്ചും വിശദമായ അന്വേഷണം നടത്താന്‍ വിജിലന്‍സ് വകുപ്പ് തീരുമാനിക്കുകയായിരുന്നു.
മിന്നല്‍ പരിശോധനയില്‍ ഷഫീസിന്റെ കൈവശം പ്രൈവറ്റ് കാഷ് രജിസ്റ്ററില്‍ രേഖപ്പെടുത്തിയ തുകയേക്കാള്‍ 46,870 രൂപ അധികമായി കണ്ടെത്തിയെന്നും ഈ തുക ഷഫീസ് ഡ്യൂട്ടിയിലുണ്ടായിരുന്ന ദിവസങ്ങളില്‍ വാഹന ഡ്രൈവര്‍മാരില്‍ നിന്നു കൈക്കൂലി പിരിച്ചതാണെന്നു ന്യായമായും സംശയിക്കാവുന്നതാണെന്നും വിജിലന്‍സ് ഡയറക്ടര്‍ സര്‍ക്കാരിനു റിപ്പോര്‍ട്ടു നല്‍കിയിരുന്നു.
2023 ജനുവരി 11ന് വഴിക്കടവ് ചെക്ക്പോസ്റ്റില്‍ വിജിലന്‍സ് നടത്തിയ പരിശോധനയില്‍ ഷഫീസിന്റെ പക്കല്‍ പ്രൈവറ്റ് കാഷ് രജിസ്റ്ററില്‍ രേഖപ്പെടുത്തിയ തുകയേക്കാള്‍ 220 രൂപ അധികമായി കണ്ടെത്തുകയും ചെയ്തിരുന്നു. ചെക്ക്പോസ്റ്റിലൂടെ കടന്നുപോകുന്ന വാഹന ഡ്രൈവര്‍മാരില്‍നിന്നും കൈക്കൂലിയായി ഈടാക്കുന്ന പണം ആരും കാണാതെ ഓഫീസിന്റെ വിവിധ ഭാഗങ്ങളില്‍ ഒളിപ്പിച്ചുവെക്കുന്നതായും ചെക്ക്പോസ്റ്റിലെ ജനറേറ്ററിന്റെ അടിയില്‍ സെലോ ടേപ്പില്‍ ചുറ്റിയ നിലയില്‍ പൊതിഞ്ഞ് തിരുകിവച്ചതായ നിലയില്‍ 1000 രൂപ ഷഫീസ് ഡ്യൂട്ടിയിലുണ്ടായിരുന്ന സമയത്ത് കണ്ടെടുക്കുകയും ചെയ്തിരുന്നു.
തന്റെ ബന്ധുവില്‍നിന്നു കടമായി വാങ്ങിയ പണമാണ് വിജിലന്‍സ് കണക്കില്‍പെടാത്ത പണമായി ചിത്രീകരിച്ചതെന്നായിരുന്നു ഷഫീസിന്റെ വാദം. പണത്തിന്റെ ഉറവിടം താന്‍ വെളിപ്പെടുത്തിയത് വിജിലന്‍സ് മൊഴിപ്പകര്‍പ്പില്‍ ഉള്‍പ്പെടുത്തിയില്ലെന്നും ഡ്യൂട്ടി സമയം കഴിഞ്ഞ് വിജിലന്‍സ് തന്നെ പരിശോധിച്ചത് നിയമവിരുദ്ധമാണെന്നും കുറ്റാരോപണ മെമ്മോയ്ക്കുള്ള മറുപടിയില്‍ ഷഫീസ് ആരോപിച്ചിരുന്നു.
അദേഹത്തിന്റെ ഈ വാദങ്ങളൊക്കെ തള്ളിക്കൊണ്ടാണ് വിജിലന്‍സ് ട്രൈബ്യൂണല്‍ മുഖേനെ അന്വേഷണം നടത്താന്‍ ഏറ്റവും ഒടുവില്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.