ചേവായൂര്‍ അട്ടിമറി ആവര്‍ത്തിച്ചാല്‍ സഹ. ബാങ്കുകള്‍ മാലപ്പടക്കം പോലെ തകരുമെന്ന് വി.ഡി. സതീശന്
1484272
Wednesday, December 4, 2024 5:16 AM IST
കോഴിക്കോട്: ചേവായൂര്‍ സര്‍വീസ് സഹകരണ ബാങ്കില്‍ സംഭവിച്ചതു പോലുള്ള അട്ടിമറി ഇനി മറ്റേതെങ്കിലും സഹകരണ ബാങ്കില്‍ ആവര്‍ത്തിച്ചാല്‍ കേരളത്തിലെ സഹകരണ ബാങ്കുകള്‍ മാലപ്പടക്കം പോലെ തകരുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്. ചേവായൂര്‍ സര്‍വീസ് സഹകരണ ബാങ്ക് അട്ടിമറിയില്‍ പ്രതിഷേധിച്ചു കോണ്‍ഗ്രസ് നടത്തിയ കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണര്‍ ഓഫീസ് മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദേഹം. ഇതു പോലുള്ള സംഭവങ്ങള്‍ ഇനിയും ഉണ്ടായാല്‍ ബാങ്കുകളില്‍ നിക്ഷേപിച്ച പണം കോണ്‍ഗ്രസ് അനുഭാവികള്‍ കൂട്ടത്തോടെ പിന്‍വലിക്കും.
അങ്ങനെയെങ്കില്‍ അതിന്റെ ഉത്തരവാദിത്വം പിണറായി വിജയനും സിപിഎമ്മിനും മാത്രമായിരിക്കുമെന്നും അദേഹം മുന്നറിയിപ്പു നല്കി. കുറുവാ സംഘത്തിന് സമാനമായ ആളുകളെ ചോദ്യം ചെയ്യണമെങ്കില്‍ എകെജി സെന്ററിലും പാലക്കാട് സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിലും പോകണമെന്ന്, വി.ഡി. സതീശന് പിന്നീട് മാധ്യമ പ്രവര്‍ത്തകരോടു പറഞ്ഞു. കേരളം കൊള്ളയടിക്കുന്നവരൊക്കെ അവിടെ കേന്ദ്രീകരിച്ചിരിക്കുകയാണ്. നാണക്കേട് കൊണ്ട് തലയില്‍ മുണ്ടിട്ട് നടക്കേണ്ട സ്ഥിതിയിലാണ് മന്ത്രി രാജേഷും അളിയനും. അവരുടെ കുറുവാ സംഘത്തില്‍പ്പെട്ട ആളാണ് പാലക്കാട് ജില്ലാ സെക്രട്ടറി. ജില്ലാ സെക്രട്ടറിയാണ് പാലക്കാട് ജില്ലയിലെ കുറുവാ സംഘത്തിന്റെ നേതാവ്. ഇവരെ കുറിച്ച് അറിയാവുന്നതു കൊണ്ടാണ് പാലക്കാട്ടെ ജനങ്ങള്‍ ഈ കുറുവാ സംഘത്തിന് ശക്തമായ മറുപടി നല്‍കിയത്.
ബിജെപിയില്‍ ചേര്‍ന്ന മധു മുല്ലശേരിക്ക് ഏരിയാ സെക്രട്ടറി ആയിരിക്കുമ്പോള്‍ തന്നെ ബിജെപിയുമായി ബന്ധമുണ്ടായിരുന്നെന്നാണ് സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി പറഞ്ഞത്. അങ്ങനെയെങ്കില്‍ നിലവില്‍ എത്ര ജില്ലാ സെക്രട്ടറിമാര്‍ക്കും ഏരിയ സെക്രട്ടറിമാര്‍ക്കും ബിജെപിയുമായി ബന്ധമുണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന് വെളിപ്പെടുത്തണം. ജി. സുധാകരനും കെ.സി. വേണുഗോപാലും തമ്മില്‍ സൗഹൃദ കൂടിക്കാഴ്ചയാണ് നടത്തിയത്.
തനിക്കും അദ്ദേഹവുമായി സൗഹൃദമുണ്ട്. നീതിമാനായ മന്ത്രിയായിരുന്നു അദേഹം.
മുനമ്പത്തേത് വഖഫ് ഭൂമിയില്ല. അവിടെയുള്ളവരെ കുടിയൊഴിപ്പിക്കാന്‍ പാടില്ല. ഇക്കാര്യത്തില്‍ ക്രൈസ്തവ സംഘടനകള്‍ മുഴുവന്‍ ഒറ്റ തീരുമാനത്തിലാണ്. മുസ്ലീം സംഘടനകളെല്ലാം അവര്‍ക്ക് പിന്തുണ കൊടുത്തു. സര്‍ക്കാരും സര്‍ക്കാരിന് കീഴിലുള്ള വഖഫ് ബോര്‍ഡുമാണ് മുനമ്പത്തേത് വഖഫ് ഭൂമിയാണെന്നു പറയുന്നത്. കമ്മീഷനെ നിയോഗിക്കാതെ തന്നെ മുനമ്പത്തെ ഭൂമി വഖഫ് അല്ലെന്ന തീരുമാനം എടുത്ത് കോടതിയെ അറിയിക്കാവുന്നതേയുള്ളു.
എന്നാല്‍, ആ തീരുമാനം എടുക്കാന്‍ സര്‍ക്കാര്‍ തയാറല്ല. സംഘപരിവാര്‍ ശക്തികള്‍ ഇടപെട്ട് ക്രിസ്ത്യന്‍- മുസ്ലിം വിഷയമാക്കി വളര്‍ത്തുന്നതിന് പിണറായി വിജയന് കുടപിടിക്കുകയാണ്. പറ്റുമെങ്കില്‍ ഈ വിഷയം അടുത്ത തെരഞ്ഞെടുപ്പ് വരെ നീട്ടിക്കൊണ്ടു പോകും. കര്‍ണാടകത്തില്‍ കര്‍ഷകരുടെ ഭൂമിയില്‍ അവകാശവാദം ഉന്നയിച്ച് വഖഫ് ബോര്‍ഡ് നോട്ടീസ് അയച്ചപ്പോള്‍ അത് വഖഫ് ഭൂമി അല്ലെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ നിലപാടെടുക്കുകയും നോട്ടീസ് പിന്‍വലിക്കുകയും ചെയ്തു. എന്നിട്ടും കേരളത്തിലെ സര്‍ക്കാര്‍ എന്തുകൊണ്ടാണ് അതിന് തയാറാകാതിരുന്നതെന്നും വി.ഡി. സതീശന് ചോദിച്ചു.