‘മാവൂരില്‍ സ്പോര്‍ട്സ് സിറ്റി സ്ഥാപിക്കും’
1483983
Tuesday, December 3, 2024 4:56 AM IST
മാവൂര്‍: മാവൂര്‍ പഞ്ചായത്തിലെ ചെറൂപ്പയില്‍ 1500 കോടി രൂപ മുതല്‍മുടക്കില്‍ സ്പോര്‍ട്സ് സിറ്റി സ്ഥാപിക്കാനുള്ള പദ്ധതി തയാറായതായി പി.ടി.എ. റഹീം എംഎല്‍എ അറിയിച്ചു. ബംഗളൂരു ആസ്ഥാനമായുള്ള ഫിസ ഗ്രൂപ്പിന്റെ സംരംഭമായാണ് പദ്ധതി ആവിഷ്കരിച്ചിട്ടുള്ളത്.
100 ഏക്കര്‍ സ്ഥലത്ത് നിര്‍മിക്കാന്‍ തീരുമാനിച്ച പ്രോജക്ടിന്റെ വിശദാംശങ്ങള്‍ സംബന്ധിച്ച് കായിക മന്ത്രി വി. അബ്ദുറഹിമാനുമായി പ്രാഥമിക ചര്‍ച്ച നടത്തി. ഫിസ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ ബി.എം. ഫാറൂഖ്, ആര്‍കിടെക്ട് ഇ. അഹമ്മദ് അഫ്ലഹ്, കണ്‍സള്‍ട്ടന്റ് ആഷിക് സുല്‍ത്താന തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.
അന്താരാഷ്ട്ര നിലവാരമുള്ള ക്രിക്കറ്റ് സ്റ്റേഡിയം, ഫുട്ബോള്‍ സ്റ്റേഡിയം, വോളിബോള്‍-ബാസ്ക്കറ്റ്ബോള്‍ ഗ്രൗണ്ടുകള്‍, ഇന്റര്‍നാഷണല്‍ നീന്തല്‍ കേന്ദ്രം, ജിംനേഷ്യം, മള്‍ട്ടി സ്പോര്‍ട്സ് ഫെസിലിറ്റി, അത്ലറ്റുകള്ക്കുള്ള പരിശീലന കേന്ദ്രം, സ്പോര്‍ട്സ് സ്കൂള്‍, വിനോദ കേന്ദ്രം, റസിഡന്‍ഷ്യല്‍ ഏരിയ, റീട്ടെയില്‍ മാള്‍, ഐടി പാര്‍ക്ക്, ഹെല്‍ത്ത് കെയര്‍ സെന്റര്‍, വിവിധ സേവന കേന്ദ്രങ്ങള്‍ തുടങ്ങിയവയാണ് പദ്ധതിയില്‍ വിഭാവനം ചെയ്തിട്ടുള്ളത്.