വില്ലേജ് ഓഫീസറെ മാറ്റിയ സംഭവം: ജില്ലാ കളക്ടര്‍ക്ക് പരാതി നല്കി
1483980
Tuesday, December 3, 2024 4:56 AM IST
കോഴിക്കോട്: സരോവരം ബയോപാര്‍ക്കിനു സമീപം കണ്ടല്‍കാടുകളും വൃക്ഷങ്ങളും വെട്ടിനശിപ്പിച്ച് തണ്ണീര്‍ത്തടം തരംമാറ്റാന്‍ ശ്രമിച്ച സംഭവത്തില്‍ മണ്ണുമാന്തി യന്ത്രം കസ്റ്റഡിയിലെടുക്കുകയും നിയമ നടപടികള്‍ സ്വീകരിക്കുകയും ചെയ്ത വേങ്ങേരി വില്ലേജ് ഓഫീസറെ സ്ഥലംമാറ്റിയതിനെതിരേ പൗരാവകാശ സംരക്ഷണ സമിതി ചെയര്മാന് സതീഷ് പാറന്നൂര്‍ ജില്ലാ കളക്ടര്‍ക്ക് പരാതി നല്കി.
സരോവരം റോഡില്‍ കാലിക്കട്ട് ട്രേഡ് സെന്ററിനു സമീപം കണ്ടല്‍കാടുകള്‍, തണ്ണീര്‍ത്തടങ്ങള്‍ നഞ്ച, പുഞ്ച, സ്ഥിരംപുഞ്ച തുടങ്ങി പാരിസ്ഥിതികമായി അതീവ പ്രാധാന്യമുള്ള പ്രദേശങ്ങള്‍ മണ്ണിട്ട് നികത്തിയതിനെതിരേ വേങ്ങേരി വില്ലേജ് ഓഫീസായ പി.പി. ജിജി നടപടി സ്വീകരിച്ചിരുന്നു. ഇദ്ദേഹത്തെ ഏലത്തൂരിലേക്കാണ് സ്ഥലം മാറ്റിയത്. മുമ്പും ഭൂമാഫിയക്കെതിരേ റിപ്പോര്‍ട്ടുകള്‍ നല്കിയ വില്ലേജ് ഓഫീസറെ സ്ഥലം മാറ്റിയിരുന്നു. വില്ലേജ് ഓഫീസറുടെ മേല്‍ ഉദ്യോഗസ്ഥ-ഭൂമാഫിയ കൂട്ടുകെട്ട് നടത്തിയ സമ്മര്‍ദ തന്ത്രമാണ് സ്ഥലംമാറ്റത്തിന് പിറകിലെന്ന് സതീഷ് പാറന്നൂര്‍ ആരോപിച്ചു.