റെഡ് അലര്‍ട്ട്; ക്വാറി പ്രവര്‍ത്തനം നിരോധിച്ചു
1483979
Tuesday, December 3, 2024 4:56 AM IST
കോഴിക്കോട്: ജില്ലയില്‍ റെഡ് അലര്‍ട്ട്. നിലവിലുള്ള സാഹചര്യത്തിൽ തുടര്‍ച്ചയായി മഴ പെയ്യുന്നതിനാൽ ക്വാറി പ്രവര്‍ത്തനങ്ങള്‍ അടിയന്തരമായി നിര്‍ത്തിവയ്ക്കാന്‍ ജില്ലാകളക്ടര്‍ ഉത്തരവിട്ടു. ക്വാറികള്‍ക്കു പുറമെ എല്ലാവിധ മണ്ണെടുക്കല്‍, ഖനനം, കിണര്‍ നിര്‍മാണം തുടങ്ങിയവയും ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ നിര്‍ത്തിവയ്ക്കണം.
മലയോര പ്രദേശങ്ങള്‍, വെള്ളച്ചാട്ടങ്ങള്‍, ബീച്ചുകള്‍, നദീതീരങ്ങള്‍ തുടങ്ങി ജില്ലയിലെ വിനോദ സഞ്ചാര മേഖലകളില്‍ സന്ദര്‍ശകര്‍ക്ക് വിലക്കേര്‍പ്പെടുത്തി. ചുരം റോഡുകള്‍, മലയോര മേഖലകള്‍, ഉരുള്‍പൊട്ടലിന് സാധ്യതയുള്ള പ്രദേശങ്ങള്‍ എന്നിവിടങ്ങളിലൂടെ വൈകുന്നേരം ഏഴുമുതല്‍ രാവിലെ ഏഴുവരെ അടിയന്തര ആവശ്യങ്ങള്‍ക്ക് ഒഴികെയുള്ള യാത്രകള്‍ ഒഴിവാക്കേണ്ടതാണെന്നും ജില്ലാ കളക്ടര്‍ നിര്‍ദേശം നല്കി.
ഉരുള്‍പൊട്ടല്‍ സാധ്യതാ മേഖലകളില്‍ കൂടുതല്‍ ജാഗ്രത പാലിക്കണം. റോഡുകളിലെ അപകടഭീഷണി ഉയര്‍ത്തുന്ന മരങ്ങള്‍ മുറിച്ചുമാറ്റുന്നതിന് പിഡബ്ല്യുഡി റോഡ്സ് വിഭാഗത്തിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. നാഷണല്‍ ഹൈവേ പ്രവൃത്തികള്‍ നടക്കുന്ന ഇടങ്ങളില്‍ വെള്ളക്കെട്ട് ഉണ്ടാകാനുള്ള സാധ്യത മുന്നില്‍ക്കണ്ട് അവിടങ്ങളില്‍ അധിക ജീവനക്കാരെ നിയമിച്ച് വെള്ളക്കെട്ട് ഒഴിവാക്കാനുള്ള നടപടികള്‍ സ്വീകരിക്കാന്‍ നാഷണല്‍ ഹൈവേ അഥോറിറ്റിയോടും പറഞ്ഞിട്ടുണ്ട്.