മാടാഞ്ചേരിയിലും പാലൂരിലും കാട്ടാനക്കൂട്ടമിറങ്ങി; വ്യാപക നാശനഷ്ടം
1483977
Tuesday, December 3, 2024 4:56 AM IST
നാദാപുരം: വാണിമേല്‍ പഞ്ചായത്തിലെ മാടാഞ്ചേരിയിലും പാലൂരിലും കാട്ടാനകളിറങ്ങി വ്യാപകമായി കൃഷി നശിപ്പിച്ചു. കണ്ണൂര്‍ ജില്ലയിലെ കണ്ണവം വനത്തില്‍ നിന്നാണ് ആനകള്‍ കൃഷി ഭൂമിയിലിറങ്ങുന്നത്. പ്രദേശവാസികളായ കുറ്റിക്കാട്ടില്‍ ബിജു, പുല്‍തകിടിയേല്‍ കുഞ്ഞൂട്ടി എന്നിവരുടെ പറമ്പിലാണ് ആനകളിറങ്ങി കാര്‍ഷിക വിളകള്‍ നശിപ്പിച്ചത്.
20 ഓളം റബര്‍ മരങ്ങള്‍, 30 ലേറെ കമുകുകള്‍, വാഴകള്‍, തെങ്ങ് എന്നിവ നശിപ്പിച്ചു. കുട്ടിയാനകള്‍ ഉള്‍പ്പെടെയുള്ള കൂട്ടം കൃഷിയിടത്തിലും വനമേഖലയിലും തമ്പടിച്ചതായി നാട്ടുകാര്‍ പറഞ്ഞു. അതിര്‍ത്തിയില്‍ ഫെന്‍സിംഗ് ലൈനുകള്‍ സ്ഥാപിക്കാത്തതാണ് ആനകള്‍ കൃഷിഭൂമിയിലിറങ്ങാന് കാരണമെന്ന് കര്‍ഷകര്‍ പറഞ്ഞു. മാസങ്ങള്‍ക്ക് മുമ്പും ഇതേ സ്ഥലത്ത് ആനകള്‍ കൃഷിനാശം വരുത്തിയിരുന്നു.