മൂന്ന് മാസമായി കൂലിയില്ല: പാചക തൊഴിലാളികള്‍ സമരത്തിലേക്ക്
1483763
Monday, December 2, 2024 5:05 AM IST
കോഴിക്കോട് : സ്കൂൾ ഉച്ചഭക്ഷണത്തിന് ഫണ്ട് കണ്ടെത്താൻ അധ്യാപകരും രക്ഷിതാക്കളും നെട്ടോട്ടമോടുമ്പോൾ കൂലിയില്ലാതെ പാചക തൊഴിലാളികളും. വേതനം മുടങ്ങിയിട്ട് മൂന്നുമാസമായിട്ടും അധികൃതർക്ക് മിണ്ടാട്ടമില്ല.ഓണസമയത്താണ് മൂന്ന് മാസത്തെ വേതനം ഒരുമിച്ച് കിട്ടിയത്. ഇപ്പോൾ മൂന്ന് മാസമായി കൂലിയില്ലാതെയാണ് ജോലി. ഈ സാഹചര്യത്തിൽ പ്രത്യക്ഷ സമരത്തിനിറങ്ങുകയാണ് സ്കൂൾ പാചകതൊഴിലാളികൾ. ഡിസംബറിൽ മുഖ്യമന്ത്രിയുടെ വസതിയ്ക്ക് മുന്നിൽ കഞ്ഞിവെപ്പ് സമരം നടത്താനാണ് വിവിധ തൊഴിലാളി സംഘടനകളുടെ തീരുമാനം. 600 രൂപയാണ് പാചക തൊഴിലാളിയുടെ ദിവസവേതനം.
കോവിഡിന് ശേഷം രണ്ടോ മൂന്നോ മാസം കൂടുമ്പോഴാണ് കൂലി ലഭിക്കുന്നത്. സ്കൂൾ ഉച്ചഭക്ഷണ ഫണ്ടിൽ 60 ശതമാനം കേന്ദ്ര വിഹിതവും ബാക്കി സംസ്ഥാന വിഹിതവുമാണ്. കേന്ദ്രത്തിൽനിന്ന് ഫണ്ട് ലഭിക്കുന്നില്ലെന്ന് പറഞ്ഞ് കഴിഞ്ഞ നാല് മാസവും 1,000 രൂപ വീതം കുറച്ചാണ് കൂലി നൽകിയത്.
കേന്ദ്രസർക്കാർ ഫണ്ട് അനുവദിക്കുന്നില്ലെന്ന് കേരളവും സംസ്ഥാനം കൃത്യമായി കണക്കുകൾ കൈമാറുന്നില്ലെന്ന് കേന്ദ്രവും ആരോപിക്കുമ്പോൾ ഇതിനിടയിൽപെട്ട് ജീവിതം വഴിമുട്ടി നിൽക്കുകയാണിവർ. 500 കുട്ടികൾ വരെയുള്ള സ്കൂളുകളിൽ ഒരു പാചക തൊഴിലാളി എന്നതാണ് സർക്കാർ കണക്ക്. 50 കുട്ടികളാണെങ്കിലും 450 കുട്ടികളാണെങ്കിലും ഇതുതന്നെയാണ് അവസ്ഥ.