റിമാൻഡ് പ്രതി ജയിൽ ചാടി; വ്യാപക തെരച്ചില്‍
1483762
Monday, December 2, 2024 5:05 AM IST
കോഴിക്കോട്: ജില്ലാ ജയിലിൽ റിമാൻഡ് പ്രതി ജയിൽ ചാടി. പുതിയങ്ങാടി നടുവിലകം ഹൗസില്‍ ടി.കെ. മുഹമ്മദ് സഫാദാണ് ഇന്നലെ രാവിലെ പതിനൊന്നോടെ ജയില്‍ മതില് ചാടി കടന്ന് രക്ഷപ്പെട്ടത്. ഇയാൾ മോഷണ കേസിലെ പ്രതിയാണ്. ഈ മാസം 17-ാം തീയതിയാണ് മുഹമ്മദ് സഫാദിനെ ജയിലിലെത്തിച്ചത്. എല്ലാ ഞായറാഴ്ചയും ജയിലിൽ കഴിയുന്നവരെ സിനിമ കാണിക്കാൻ അന്തേവാസികളെ സെല്ലില്‍ നിന്നും പുറത്തെത്തിക്കും. പുറത്തെത്തിച്ചപ്പോഴാണ് ഇയാൾ ഭിത്തിയില്‍ കയറി ശേഷം മതിൽ ചാടി രക്ഷപ്പെട്ടത്. ഇയാള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കിയതായി പോലീസ് അറിയിച്ചു.
റെയില്‍വേ സ്റ്റേഷന്, പുതിയ ബസ് സ്റ്റാന്‍ഡ് എന്നിവിടങ്ങളിലെ സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ ശേഖരിക്കുകയും പ്രതിയുടെ ഫോട്ടോ വിവിധ ഇടങ്ങളില്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്തിട്ടുണ്ട്. പന്നിയങ്കര പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലെ പ്രതിയാണ് സഫാദ്. സംഭവത്തില്‍ ഉദ്യോഗസ്ഥര്‍ക്ക് വീഴചയുണ്ടായോ എന്ന കാര്യവും അന്വേഷിക്കുന്നുണ്ട്. മുന്നൂറോളം തടവുകാരാണ് കോഴിക്കോട് ജില്ലാ ജയിലില്‍ നിലവില്‍ ഉള്ളത്.
അടുത്ത കാലത്തൊന്നും തടവുകാര്‍ ജയില്‍ ചാടുന്ന സംഭവം ഇവിടെ ഉണ്ടായിട്ടില്ല. എന്നാല്‍, രണ്ടാഴ്ച മുമ്പ് വിചാരണ തടവുകാര്‍ ജയില്‍ അധികൃതരെ മര്‍ദിച്ചിരുന്നു. ഇതില്‍ മൂന്ന് ജീവനക്കാര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.