അവധിക്കാലത്തെങ്കിലും ബംഗളൂരു ട്രെയിന്‍ കോഴിക്കോട്ടേക്ക് നീട്ടുമോ...
1483757
Monday, December 2, 2024 5:05 AM IST
സ്വന്തം ലേഖകന്‍
കോഴിക്കോട്: ബംഗളൂരുവിൽനിന്നു മംഗളൂരു വഴി കണ്ണൂരിലേക്ക് സർവീസ് നടത്തുന്ന 16511/12 ബെംഗളൂരു–കണ്ണൂർ എക്സ്പ്രസ് പുതുവര്‍ഷത്തിലെങ്കിലും കോഴിക്കോട്ടേക്ക് നീട്ടണമെന്ന ആവശ്യം ശക്തം. ക്രിസ്മസ് , അവധിക്കാലത്ത് മലബാറിലെ യാത്രാക്ലേശം പരിഹരിക്കാന്‍ ഒരു പരിധിവരെ ഇതു സഹായകരമാകുമെന്നാണ് യാത്രക്കാര്‍ പറയുന്നത്. കോഴിക്കോട്ടേക്കു നീട്ടാൻ റെയിൽവേ ബോർഡ് തീരുമാനമെടുത്തിട്ട് പത്ത് മാസം കഴിഞ്ഞു.
വിഷയം ഗൗരവതരമാണെന്നും കോഴിക്കോട്ടേക്കു ദീർഘിപ്പിച്ചുകൊണ്ട് ഈ സർവീസ് എത്രയും വേഗം ആരംഭിക്കണമെന്നുമായിരുന്നു ജനുവരി 30ന് റെയിൽവേ ബോർഡ് ജോ. ഡയറക്ടർ വിവേക് കുമാർ സിൻഹ ഒപ്പുവച്ച ഉത്തരവിൽ നിർദേശിച്ചിരുന്നത്.
എന്നാൽ, മാസങ്ങള്‍ക്ക് ശേഷവും ഈ ഉത്തരവിനു വിലയില്ലാതെ ട്രെയിൻ കണ്ണൂരിൽ വന്നു മടങ്ങുന്ന അവസ്ഥയാണ്. കോഴിക്കോട്ടെ യാത്രക്കാർ ബംഗളൂരുവിലേക്കുള്ള ഏക പ്രതിദിന ട്രെയിനിൽ ദുരിതയാത്ര തുടരുകയും ചെയ്യുന്നു.
16511 നമ്പർ ബംഗളൂരു–കോഴിക്കോട് എക്സ്പ്രസ് ദിവസേന രാത്രി 9.35ന് ബംഗളൂരുവിൽനിന്നു പുറപ്പെട്ട് രാവിലെ 10.55ന് കണ്ണൂരിലും ഉച്ചയ്ക്ക് 12.40ന് കോഴിക്കോട്ടും എത്താനായിരുന്നു സമയം ക്രമീകരിച്ചിരുന്നത്.
മടക്കയാത്രയിൽ 16512 നമ്പർ കോഴിക്കോട്–ബംഗളൂരു എക്സ്പ്രസ് ദിവസേന വൈകിട്ട് 3.30ന് കോഴിക്കോട്ടുനിന്ന് പുറപ്പെട്ട് അഞ്ചിന് കണ്ണൂരിലും പിറ്റേന്നു രാവിലെ 6.35ന് ബഗളൂരുവിലും എത്തുന്ന രീതിയിലായിരുന്നു സമയക്രമം നിശ്ചയിച്ചിരുന്നത്.
എന്നാല്‍, ഒന്നും നടന്നില്ല. എം.കെ.രാഘവന് എംപി ഉള്‍പ്പെടെ ചെലുത്തിയ സമ്മര്‍ദ്ദവും ഫലം കാണാത്ത അവസ്ഥയാണിപ്പോഴുള്ളത്.